X

നബ കിഷോര്‍, ഒഡിഷ മന്ത്രിസഭയില്‍ തിളങ്ങിയ താരം

ബിജു ജനതാദളിന്റെ (ബി.ജെ.ഡി) രാഷ്ട്രീയ സ്വാധീനത്തെ ശക്തമായി അതിജീവിച്ച കോണ്‍ഗ്രസുകാരനായിരുന്നു നാലു വര്‍ഷം മുമ്ബ് വരെ നബ കിഷോര്‍ ദാസ്.ഒടുവില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്ബ് നവീന്‍ പട്നായിക്കിന്റെ രാഷ്ട്രീയം അംഗീകരിച്ച്‌ ബി.ജെ.ഡിയില്‍ ചേര്‍ന്നു. നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസഭയിലുമെത്തി.

ആരോഗ്യമന്ത്രി സ്ഥാനത്ത് നന്നായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് മുന്‍ അംഗരക്ഷകന്റെ പോയന്റ് ബ്ലാങ്ക് വെടിയില്‍ നബ കിഷോറിന് ജീവന്‍ നഷ്ടമാകുന്നത്.കഴിഞ്ഞ ജൂണില്‍ നവീന്‍ പട്നായിക് മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ഇളക്കം തട്ടാത്ത അപൂര്‍വം പേരില്‍ ഒരാളായിരുന്നു ഇദ്ദേഹം. അടുത്തിടെ നടന്ന പദംപുര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തകര്‍പ്പന്‍ ജയം നേടാനായത് നബ കിഷോറിന്റെ രാഷ്ട്രീയ ആസൂത്രണത്തെ തുടര്‍ന്നായിരുന്നു.നിയമവിദ്യാര്‍ഥിയായിരിക്കെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ സ്റ്റുഡന്റ് യൂനിയനില്‍ പ്രവര്‍ത്തിച്ചാണ് നബ കിഷോര്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസിലും കോണ്‍ഗ്രസിലും ഉയര്‍ന്ന പദവികളിലെത്തി. എ.ഐ.സി.സി അംഗവും ഒ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമായി.

2009ലും ’14ലും ഝാര്‍സുഗുഡയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ ജയിച്ച ഇദ്ദേഹം 2019ല്‍ ബി.ജെ.ഡിയിലേക്ക് മാറി.ഖനികളുടെ നാടായ ഝാര്‍സുഗുഡയില്‍ നിന്നുള്ള സമ്ബന്ന രാഷ്ട്രീയക്കാരനായിരുന്നു നബ കിഷോര്‍ ദാസ്. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ തനിക്ക് 34 കോടിയുടെ സ്വത്തുണ്ടെന്നാണ് അടുത്തിടെ മന്ത്രി പ്രഖ്യാപിച്ചത്.

webdesk12: