X

ഇനി ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ ; മുന്‍മന്ത്രി ജി. ജനാര്‍ദനന്‍ റെഡ്ഡി ബി.ജെ.പി വിട്ടു

കര്‍ണാടകയില്‍ ഓപറേഷന്‍ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവും മുന്‍മന്ത്രിയുമായ ജി.ജനാര്‍ദനന്‍ റെഡ്ഡി പാര്‍ട്ടി വിട്ടു. നിയമസഭാതെരഞ്ഞെടുപ്പിന് നാലുമാസം മാത്രം ശേഷിക്കേ അദ്ദേഹം ‘കല്യാണ രാജ്യ പ്രഗതി പക്ഷ (കെ.ആര്‍.പി.പി)’ എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപവത്കരിച്ചു. കൊപ്പാല്‍ ജില്ലയിലെ ഗംഗാവതി മണ്ഡലത്തില്‍നിന്ന് മത്സരിക്കുമെന്നും അറിയിച്ചു.ഏറെ കാലമായി ബി.ജെ.പി നേതാക്കളും റെഡ്ഡിയും തമ്മില്‍ ഭിന്നത രൂക്ഷമാണ്. സഹസ്രകോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസില്‍ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വര്‍ഷം ജയിലില്‍ ആയിരുന്നു.

2015ലാണ് സുപ്രീംകോടതി ജാമ്യം നല്‍കുന്നത്. ജാമ്യം ലഭിച്ചതിനുശേഷം ബെള്ളാരിക്ക് പുറത്തുള്ള മണ്ഡലത്തില്‍നിന്ന് മത്സരിക്കാനും രാഷ്ട്രീയത്തില്‍ രണ്ടാം വരവ് നടത്താനും ശ്രമിച്ചെങ്കിലും ബി.ജെ.പി തടയിട്ടതോടെയാണ് അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തത്. പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുക, അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളിലായിരുന്നു ജാമ്യം. റെഡ്ഡിയുടെ നേതൃത്വത്തില്‍ കോടികള്‍ വാരിയെറിഞ്ഞാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു.

പുതിയ പാര്‍ട്ടിയില്‍ ചേരാന്‍ ബി.ജെ.പിയില്‍ അടക്കമുള്ള തന്റെ സുഹൃത്തുക്കളെ നിര്‍ബന്ധിക്കില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്ന രാഷ്ട്രീയത്തിനെതിരെ സാമൂഹിക പരിഷ്കര്‍ത്താവ് ബസവണ്ണയുടെ ആദര്‍ശങ്ങളിലൂന്നി പ്രവര്‍ത്തിക്കുമെന്നും റെഡ്ഡി പറഞ്ഞു.

webdesk12: