X
    Categories: indiaNews

സര്‍ക്കാറുകളെ ഇതാ വീണ്ടും ഒരു പഞ്ചാബ് മാതൃക

അമൃത്സര്‍: രാജ്യത്തിന് അനുകരണീയമായ വിധത്തില്‍ വീണ്ടും ഒരു പഞ്ചാബ് മോഡല്‍. കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പഞ്ചാബ് സര്‍ക്കാര്‍.

ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം സാമൂഹ്യ സുരക്ഷ പെന്‍ഷനായി പ്രതിമാസം 1500 രൂപയും ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കും. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവരെ നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനമായി. ജൂലൈ ഒന്ന് മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലാകും കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കുക. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ആ കുഞ്ഞുങ്ങളുടെ വളര്‍ത്തച്ഛനാകേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

അനാഥര്‍ക്ക് 21 വയസ് തികയുന്നതു വരെയും ഗൃഹനാഥരെ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. അതിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് ബാധിതര്‍ക്ക് 51,000 രൂപ ഗ്രാന്റ് നല്‍കുന്ന ആശീര്‍വാദ് പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കമാകും.
ഇവര്‍ക്ക് സംസ്ഥാന സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സര്‍ബത്ത് സേഹത്ത് ബിമ യോജനക്ക് കീഴില്‍ ഇന്‍ഷൂറന്‍സ് കവറേജും ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദുരിതബാധിതരായ കുടുംബാംഗങ്ങള്‍ക്ക് ‘ഘര്‍ ഘര്‍ റോസ്ഗാര്‍ ടെ കരോബാര്‍ മിഷന്‍’ വഴി അനുയോജ്യമായ ജോലി കണ്ടെത്താന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

web desk 3: