X
    Categories: News

ഭിന്നശേഷിക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് പണിയെടുക്കാം; ‘വര്‍ക്ക് ഫ്രം ഹോം’ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇനി വീട്ടിലിരുന്ന് തൊഴിലെടുക്കാം.സംസ്ഥാനത്തെ സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാര്‍ക്ക് ‘വര്‍ക് ഫ്രം ഹോം’ പദ്ധതിക്ക് രൂപം നല്‍കുമെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ- സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരെ കണ്ടെത്തി വര്‍ക് ഫ്രം ഹോം സംവിധാനമൊരുക്കുന്നതിനും ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും പ്രത്യേക സമിതികള്‍ രൂപവത്കരിക്കും.ഇവരുടെ യാത്രാക്ലേശം ഉള്‍പ്പെടെയുള്ള വിഷമതകള്‍ കണക്കിലെടുത്താണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ് സ്റ്റാലിന്റെ നിര്‍ണ്ണായക പ്രഖ്യാപനം.തമിഴ്‌നാട് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ലാപ്‌ടോപ്പുകളും സോഫ്റ്റ്‌വെയറുകളും ലഭ്യമാക്കി പരിശീലനം നല്‍കും.

കാഴ്ച വൈകല്യമുള്ളവര്‍ ഉള്‍പ്പെടെ 4.39 ലക്ഷം ഭിന്നശേഷിക്കാര്‍ക്ക് 1,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നത് 2023 ജനുവരി ഒന്നു മുതല്‍ 1,500 രൂപയായി ഉയര്‍ത്തും.സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച്‌ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

web desk 3: