X

അബുദാബി എയര്‍പോര്‍ട്ടുകളില്‍ കഴിഞ്ഞവര്‍ഷം 15.9 ദശലക്ഷം യാത്രക്കാര്‍

അബുദാബി: അബുദാബി എയര്‍പോര്‍ട്ടില്‍ കഴിഞ്ഞവര്‍ഷം 15.9 ദശലക്ഷം യാത്രക്കാര്‍ എത്തിയതായി അധികൃതര്‍ വ്യക്തമാക്കി. 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ, 15.9 ദശലക്ഷം യാത്രക്കാരാണ് അബുദാബി ഇന്റര്‍നാഷണല്‍, അല്‍ഐന്‍ ഇന്റര്‍നാഷണല്‍, അല്‍ ബത്തീന്‍ എക്‌സിക്യൂട്ടീവ്, ഡെല്‍മ ഐലന്‍ഡ്, സര്‍ ബാനിയാസ് ഐലന്‍ഡ്
എന്നിവിടങ്ങളിലായി എത്തിയത്.
2021നേക്കാള്‍ 5.26 ദശലക്ഷം യാത്രക്കാരുടെ വര്‍ധനവാണ് 2022ല്‍ ഉണ്ടായത്.

ടൂറിസം, ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരെ ഉള്‍ക്കൊള്ളുന്നതില്‍ അബുദാബിയിലെ വിമാനത്താവളങ്ങള്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. യാത്രക്കാരുടെ സൗകര്യകത്തിനും മികച്ച സംവിധാനങ്ങള്‍ക്കും മുഖ്യപരിഗണന നല്‍കുന്നതായി അബുദാബി എയര്‍പോര്‍ട്ട്‌സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജമാല്‍ സലേം അല്‍ ദാഹിരി വ്യക്തമാക്കി.

”പാസഞ്ചര്‍ ട്രാഫിക്കിന്റെ കാര്യത്തില്‍ 2022 അബുദാബിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വര്‍ഷമായിരുന്നു. സന്ദര്‍ശിക്കാനും ജീവിക്കാനും ജോലി ചെയ്യാനും ആകര്‍ഷകമായ സ്ഥലമെന്ന നിലയില്‍
അബുദാബിയില്‍ ഏറെ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2023-ല്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള തയാറെടുപ്പ് പുരോഗമിക്കുകയാണ്. പ്രധാന ഇവന്റുകള്‍ക്കായി കൂടുതല്‍ സന്ദര്‍ശകര്‍ യുഎഇയിലേക്ക് വരുമെന്നതിനാല്‍ അബുദാബി വിമാനത്താവളത്തില്‍ കൂടുതല്‍പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്.

രൂപകല്‍പ്പന മുതല്‍ നിര്‍മ്മാണം, ഓപ്പറേഷന്‍, ഡെലിവറി വരെ എല്ലാ കാര്യങ്ങളിലും സുസ്ഥിരത വലിയ പങ്ക് വഹിക്കുന്നുണ്ട്. അബുദാബിയെ സംബന്ധിച്ചിടത്തോളം ആവേശകരമായ സമയമാണെന്നും വികസിച്ചുകൊണ്ടിരിക്കുന്ന വ്യോമയാന മേഖല ഇതിന് കൂടുതല്‍ കരുത്ത് പകരുകയും ചെയ്യും. അബുദാബി, അല്‍ഐന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളിലായി കഴിഞ്ഞ വര്‍ഷം 3,949 ടണ്‍ ചരക്ക് കൈകാര്യം ചെയ്തു.

webdesk12: