X

പതിനൊന്ന് മണിക്കൂറിലേറെ ജോലി; പണികഴിഞ്ഞു രണ്ടു മാസമായിട്ടും പ്രതിഫലം കിട്ടിയില്ല; പ്രതിഷേധവുമായി തെരെഞ്ഞെടുപ്പ് വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാര്‍

കോഴിക്കോട്: തെരെഞ്ഞെടുപ്പ് ദിവസം വെബ് കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇനിയും  പ്രതിഫലം കിട്ടിയില്ലെന്ന് പരാതി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇത്തരം പരാതി ഉയരുന്നുണ്ട്.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ വെബ്കാസ്റ്റിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം കഴിയുമ്പോഴും

ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടാത്തത് ഇവരെ നിരാശരാക്കിയിരിക്കുകയാണ്. കൂടുതലായും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് ഈ ജോലിക്ക് നിയോഗിക്കപ്പെട്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ഇവരെ ജോലിക്ക് ചുമതലപ്പെടുത്തുന്നത്.

പതിനൊന്ന് മണിക്കൂറോളം തെരെഞ്ഞെടുപ്പ് ദിവസം ഇവര്‍ ജോലി ചെയ്തിട്ടുണ്ട്. ഉള്‍നാടുകളിലുള്ള ബൂത്തുകളില്‍ എത്തിച്ചേരാനുള്ള യാത്രചെലവും അന്നത്തെ ഭക്ഷണത്തിന്റെ ചെലവും ഇവര്‍ സ്വന്തം കയ്യില്‍ നിന്ന് നല്‍കിയതാണ്. ജോലി പൂര്‍ത്തിയാക്കിയ ഉടനെ പ്രതിഫലം നല്‍കും എന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ ലഭ്യമാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

നിരന്തരം ഈ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുനെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് കളക്ടറുടെ ലൈവിലും ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

 

web desk 3: