X

എന്താണ് ബ്ലാക്ക് ഫംഗസ്

മ്യൂകോര്‍ മൈസറ്റസ് എന്ന ഇനം ഫംഗസ് അഥവാ പൂപ്പല്‍ നമ്മുടെ ശരീരത്തില്‍ കടന്നു ചില അവയവങ്ങളില്‍ ഉണ്ടാക്കുന്ന രോഗം. കോവിഡ് ചികിത്സയില്‍ തുടരുന്ന സമയത്തോ, രോഗമുക്തി ലഭിച്ചു ആഴ്ചകള്‍ക്ക് ശേഷമോ ഉണ്ടാകാം.

എവിടെ നിന്നാണ് ഈ രോഗാണു നമ്മുടെ ശരീരത്തില്‍ കടക്കുന്നത്?

നാം ജീവിക്കുന്ന പരിസരത്ത് പലയിടത്തും ഈ ഫംഗസ് ഉണ്ട്. മണ്ണ്, അഴുകിയ ഇലകള്‍, അഴുകിയ പച്ചക്കറികള്‍, ചാണകം, കംപോസ്റ്റ് എന്നിവയൊക്കെ ഇതിന്റെ ഉറവിടങ്ങള്‍ ആകാം. നമ്മളുടെ ശ്വാസത്തിലൂടെയോ തൊലിപ്പുറത്തെ മുറിവിലൂടെയോ ഇവ ശരീരത്തിലേക്ക് കടക്കാവുന്നതാണ്.

ആര്‍ക്കൊക്കെയാണ് ഈ ഫംഗസ് ബാധ സാരമായ രോഗമുണ്ടാക്കുന്നത്?

പ്രതിരോധ ശേഷി തീരെ കുറവുള്ള ആളുകളിലാണ് ഈ രോഗം തീവ്രമാകുന്നത്. അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍. സ്റ്റീറോയിഡ് മരുന്നുകളും പ്രതിരോധശക്തിയെ സ്വാധീനിക്കുന്ന മരുന്നുകളും ചികിത്സയുടെ ഭാഗമായി സ്വീകരിച്ച കോവിഡ് രോഗികള്‍. അവയവമാറ്റത്തിനു ശേഷം ചികിത്സയിലുള്ളവര്‍. അര്‍ബുദ ചികിത്സയില്‍ ഉള്ളവര്‍. ഇവരില്‍ പ്രതിരോധ ശേഷി കുറയുകയും ശ്വേത രക്താണുക്കളായ ന്യൂട്രോഫില്‍സ് എന്ന കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും അതു മൂലം മ്യുകോര്‍ മൈക്കോസിസിന് കാരണമാകുന്ന ഫംഗസ് നമ്മുടെ കോശങ്ങള്‍ക്കുള്ളില്‍ കയറി അവിടെ വളര്‍ന്നു പെരുകുകയും ചെയ്യുന്നു.കുറഞ്ഞ പ്രതിരോധ ശേഷിയോടൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവും കൂടുതലാകുമ്പോള്‍ ഈ ഫംഗസ് വീണ്ടും കരുത്തോടെ നമ്മുടെ കോശങ്ങളെ ആക്രമിക്കുകയും ഗുരുതരമായ രോഗബാധ ഉണ്ടാക്കുകയും ചെയ്യും.

എന്തൊക്കെയാണ് രോഗലക്ഷണങ്ങള്‍?

ഫംഗസ് ബാധ ഏത് അവയവത്തെയാണോ ബാധിച്ചിട്ടുള്ളത് അതിനനുസൃതമാകും ലക്ഷണങ്ങളും. അവ അഞ്ചു തരം ഉണ്ട്. 1. മൂക്ക്, കണ്ണുകള്‍ തലച്ചോര്‍ ഇവയെ ബാധിക്കുന്നു. 2. ശ്വാസകോശത്തെ ബാധിക്കുന്നത്.3. ഉദരസംബന്ധമായത്. 4. രക്തത്തിലൂടെ ശരീരം മുഴുവനും വ്യാപിക്കുന്നത്. 5. ത്വക്കിനെ മാത്രമായി ബാധിക്കുന്നത്. ആദ്യത്തെ രണ്ടു തരം രോഗബാധയാണ് കോവിഡ് രോഗികളില്‍ അധികവും കണ്ടുവരുന്നത്. മൂക്കടപ്പ്, മൂക്കില്‍ നിന്ന് രക്തം കലര്‍ന്നതോ, തവിട്ടോ കറുപ്പോ നിറത്തിലുള്ള സ്രവം വരിക, തലവേദന, കാഴ്ച മങ്ങുക, കണ്ണില്‍ നീരു വന്നു വീര്‍ക്കുക.

മൂക്കിലും മുഖത്തിന്റെ വശത്തും വേദനയും നീരും മരവിപ്പും മൂക്കിന്റെ പാലത്തിന്/അണ്ണാക്കിനു മുകളില്‍ കറുത്ത നിറം വരിക, കണ്ണ് പകുതി അടഞ്ഞു പോകുക, മുകള്‍നിരയിലെ പല്ലുവേദന, പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് ഇളക്കം ഇവയൊക്കെയാണ് ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങള്‍. പനി, ചുമ, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, രക്തം കലര്‍ന്ന കഫം ഇവയൊക്കെ ശ്വാസകോശ രോഗബാധയുടെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങള്‍ പ്രമേഹമോ മറ്റു പ്രതിരോധശേഷിക്കുറവിന് കാരണങ്ങള്‍ ഉള്ളവരിലോ കാണുമ്പോള്‍ തീര്‍ച്ചയായും ഡോക്ടറെ സമീപിക്കണം.

രോഗസ്ഥിരീകരണം എങ്ങനെ?

രോഗം ബാധിച്ച കോശങ്ങള്‍ അല്ലെങ്കില്‍ സ്രവങ്ങളുടെ മൈക്രോബയോളജിനപത്തോളജി പരിശോധനയിലൂടെ ഫംഗസിന്റെ സാന്നിദ്ധ്യം കണ്ടെത്തും.

ഈ ഫംഗസ് അപകടകാരി ആണെന്ന് പറയുന്നതെന്തു കൊണ്ടാണ്?

രോഗബാധിതരില്‍ 40% മുതല്‍ 80% വരെ മരണനിരക്ക് ഉണ്ടാകാം എന്നുള്ളത് ഈ രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു. രോഗബാധയുള്ള അവയവങ്ങളിലെ രക്തക്കുഴലുകള്‍ക്കുള്ളില്‍ കയറി രക്തത്തിന്റെ ഒഴുക്ക് തടയുകയും അങ്ങനെ രക്തയോട്ടം ഇല്ലാത്ത ആ ഭാഗത്തു കറുപ്പു നിറം ഉണ്ടാകുകയും അവിടുത്തെ കോശങ്ങള്‍ നശിച്ചു പോകുകയും ചെയ്യും. രക്തക്കുഴലുകള്‍ വഴി ശരീരത്തിലാകമാനം വ്യാപിക്കുന്ന ഈ ഫംഗസ് വളരെ അപകടകാരിയാണ്.

മ്യുകോര്‍മൈക്കോസിസ് ഒരാളില്‍ നിന്നു മറ്റൊരാളിലേക്കു പകരുമോ?

ഇല്ല.

പ്രതിരോധിക്കുവാന്‍ എന്തു ചെയ്യണം?

എവിടെയും എപ്പോഴും മാസ്‌ക് ധരിക്കുവാന്‍ ഓര്‍ക്കുക. പ്രമേഹരോഗികള്‍ മരുന്നുകളിലൂടെയും ആഹാരക്രമീകരണത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്തുവാന്‍ ശ്രദ്ധിക്കുക.

web desk 3: