X
    Categories: world

ഫലസ്തീന്‍ പ്രവര്‍ത്തകരെ ഇസ്രാഈല്‍ അറസ്റ്റ്‌ചെയ്തു

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജര്‍റയില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഫലസ്തീന്‍ പ്രവര്‍ത്തകരെ ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ട സഹോദരങ്ങളായ മുന അല്‍ കുര്‍ദും മുഹമ്മദ് അല്‍ കുര്‍ദുമാണ് അറസ്റ്റിലായത്. ഷെയ്ഖ് ജര്‍റയിലെ പ്രതിഷേധ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജസീറയുടെ അറബി റിപ്പോര്‍ട്ടര്‍ ഗിവാര ബുദയ്‌രിയെയും ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര പ്രതിഷേധത്തെ തുടര്‍ന്ന് ബുദയ്‌രിയെ പിന്നീട് വിട്ടയച്ചു.

ഷെയ്ഖ് ജര്‍റയിലെ വീട് റെയ്ഡ് ചെയ്താണ് മുനയെ അറസ്റ്റ് ചെയ്തത്. ശേഷം മുഹമ്മദിനെയും കസ്റ്റഡിയിലെടുത്തു. പൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചെന്നും കലാപങ്ങളില്‍ പങ്കെടുത്തുവെന്നുമാണ് കേസ്. ഇസ്രാഈല്‍ പൊലീസ് മുനയെ കൈകള്‍ ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ മുന കുടുംബാംഗങ്ങളോട് പേടിക്കരുതെന്ന് പറയുന്നതും കേള്‍ക്കാം.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ഫലസ്തീനികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കി മുന ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഷെയ്ഖ് ജര്‍റയില്‍ ഇരച്ചുകയറി ഇസ്രാഈല്‍ പൊലീസ് ഫലസ്തീനികളെ മര്‍ദ്ദിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നാല് പുരുഷന്മാരെയും ഒരു പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. ഇവരെ തൊട്ടടുത്ത ദിവസം വിട്ടയച്ചു.

web desk 3: