X

റോഹിങ്ക്യകളെ നാടുകടത്തല്‍; ‘അതിഥി ദേവോ ഭവ’ എന്ന സംസ്‌ക്കാരം ഇന്ത്യ മറന്നോ എന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. റോഹിങ്ക്യകള്‍ പൂര്‍ണമായും മുസ്ലിംകളായത് കൊണ്ടാണ് അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഭയം കൊടുക്കാത്തതെന്നും വലിയൊരു വിഭാഗം മുസ്ലിംങ്ങള്‍ക്ക് അഭയം നല്‍കാനാവില്ലെന്ന നിലപാട് ഇതിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നതാണെന്നും ശശിതരൂര്‍. ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായ ‘അതിഥി ദേവോ ഭവ’ എന്ന മന്ത്രം മറന്നോ എന്ന് ശശി തരൂര്‍ ചോദിക്കുന്നു. ദി ക്വിന്റില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാറിനെതിരെ തരൂര്‍ തുറന്നെഴുതിയത്.

ഇന്ത്യയെ പോലെ തന്നെ ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുകയും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പോലും സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്ന സമയത്താണ് അതിഥികളെ ദൈവത്തെ പോലെ പരിഗണിക്കുന്ന സംസ്‌കാരത്തിന്റെ ഭാഗമായ നമ്മള്‍ അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുന്നതെന്നും ശശി തരൂര്‍ പറയുന്നു. അഭയാര്‍ത്ഥികളുടെ നാടു കടത്താനുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും തരൂര്‍ വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ളവരടക്കം എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ഥികളേയും പുറത്താക്കാനാണ് ഇന്ത്യയുടെ തീരുമാനം എന്ന കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രസ്താവന നിരാശാജനകമാണ്. 2000 വര്‍ഷങ്ങളായി അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കിയ ചരിത്രമാണ് ഇന്ത്യക്കുള്ളത്. 1893ലെ ലോകമത സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ വേട്ടയാടപ്പെടുന്നവരുടെ അഭയകകകേന്ദ്രമാണ് ഇന്ത്യയെന്നാണ് വിശേഷിപ്പിച്ചത്.

ഈ അടുത്ത കാലത്ത് തന്നെ ടിബറ്റന്മാര്‍, പാക്കിസ്ഥാനില്‍ പുറത്താക്കപ്പെട്ട ബംഗാളികള്‍, ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജര്‍, ആഭ്യന്തര കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ നേപ്പാളികള്‍, ബംഗ്ലേദേശില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിയ ചക്മകള്‍ എന്നിങ്ങനെ പല തരത്തിലുള്ള അഭയാര്‍ഥികളെ നിയമത്തിന്റെ ഉള്ളില്‍ നിന്ന് ഭാഗികമായോ പൂര്‍ണമോയോ ഇന്ത്യ അഭയം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മാത്രം ഇങ്ങനെ ഒരു വിരോധ നയം സ്വീകരിക്കുന്നതിന് പിന്നില്‍ ഒരു കാരണമേയുള്ളൂ. റോഹിങ്ക്യകള്‍ പൂര്‍ണമായും മുസ്ലിംങ്ങളാണ്. വലിയൊരു വിഭാഗം മുസ്ലിംങ്ങള്‍ക്ക് അഭയം നല്‍കാനാവില്ലെന്നാണ് മറ്റൊരു തരത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നതെന്നും ശശി തരൂര്‍ എഴുതുന്നു.

ഓഗസ്റ്റ് 25ന് തീവ്രവാദി വിഭാഗമായ അരാകന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി പൊലീസ്, ആര്‍മി പോസ്റ്റുകള്‍ ആക്രമിച്ചതിന് ശേഷം റോഹിങ്ക്യ വിഭാഗക്കാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു സൈന്യം. ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 4 ലക്ഷത്തോളം പേര്‍ അതായത് റോഹിങ്ക്യ ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. റോഹിങ്ക്യന്‍ വംശജരെ ഇന്ത്യയിലേക്ക് കടത്താന്‍ മ്യാന്മാര്‍,പശ്ചിമ ബംഗാള്‍,ത്രിപുര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ചില അഭയാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായും പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

chandrika: