X

തോമസ് ചാണ്ടിക്കെതിരെ അന്വേഷണം: വിജിലന്‍സ് നിയമോപദേശം തേടി

തിരുവനന്തപുരം: റിസോട്ടിനായി അനധികൃതമായി കായല്‍ കയ്യേറിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് വിജിലന്‍സ് മേധാവികൂടിയായ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചേക്കും.

മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുന്‍വശം അഞ്ചുകിലോമീറ്ററോളം കായല്‍ വേലികെട്ടി വേര്‍തിരിച്ച് അധീനതയിലാക്കിയെന്നാണ് തോമസ് ചാണ്ടിക്കെതിരായ ഒരു ആരോപണം. ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ട് വരെയുള്ള 400 മീറ്റര്‍വരെമാത്രം ടാര്‍ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും ആരോപണമുണ്ട്.

അതേസമയം് കയ്യേറ്റ ആരോപണം ഉയര്‍ന്ന റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തിരിച്ചെത്തിയ ഫയലില്‍ നിന്ന് പ്രധാന റവന്യു രേഖകള്‍ കാണാതാവുകയും ചെയ്ത സംഭവത്തില്‍ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. എഞ്ചിനീയറിംങ് വിഭാഗത്തിലെ രണ്ട് സുപ്രണ്ടുമാരെയും രണ്ട് ക്ലര്‍ക്കുമാര്‍ക്കുമാരെയും നിലവില്‍ വഹിച്ചിരുന്ന ചുമതലകളില്‍ നിന്ന് നീക്കി.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ നഗരസഭാ കൌണ്‍സിലിന്റെ അടിയന്തര യോഗം വെള്ളിയാഴ്ച ചേരും. ഫയലുകള്‍ കാണാതായ സംഭവത്തില്‍ സംസ്ഥാന നഗരകാര്യ സെക്രട്ടറി ആലപ്പുഴ നഗരസഭയോട് വിശദീകരണം തേടി.

chandrika: