X

റിയല്‍ എസ്‌റ്റേറ്റ് ജി.എസ്.ടി പരിധിയില്‍ കൊണ്ടു വരുന്നത് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കുമെന്ന് ജെയ്റ്റ്‌ലി

 

ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ താമസിയാതെ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയെ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടു വരുന്നതിന് വ്യക്തിപരമായി താന്‍ അനുകൂലമാണ്. ഡല്‍ഹി സര്‍ക്കാറും ഇതിനെ പിന്തുണക്കുന്നുണ്ട്. പക്ഷേ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടിക്കു കീഴില്‍ നാലു സ്ലാബുകളാക്കി നികുതി നിശ്ചയിച്ച തീരുമാനത്തെ അദ്ദേഹം ന്യായീകരിച്ചു. എല്ലാ സാധന, സേവനങ്ങള്‍ക്കും ഒരേ നിരക്ക് ആക്കുന്നതിന് മുമ്പ് പാവപ്പെട്ടവര്‍ക്കുള്ള ഭക്ഷ്യ വസ്തുക്കളുടെ വില കുറക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടിയെ എതിര്‍ക്കുന്നവര്‍ നികുതി നല്‍കാന്‍ തയാറല്ലാത്തവരാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഒരു ഘടനയില്‍ നിന്നും മറ്റൊന്നിലേക്കു മാറുമ്പോള്‍ പ്രയാസം സ്വാഭാവികമാണ്. എന്നാല്‍ ഇതേ കുറിച്ച് ആരും ആകുലപ്പെടേണ്ടതില്ല. നികുതി നല്‍കാതിരിക്കലാണ് തങ്ങളുടെ മൗലിക അവകാശമെന്നാണ് ചിലര്‍ ധരിക്കുന്നത്. എന്നാല്‍ ഈ വാദം സര്‍ക്കാര്‍ അംഗീകരിക്കാന്‍ പോകുന്നില്ല. സര്‍ക്കാറിന്റെ സേവനങ്ങളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതിനാല്‍ സര്‍ക്കാറിന് നികുതി നല്‍കുക തന്നെ വേണമെന്നും ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ നടത്തിയ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. വ്യാപാരികളല്ല നികുതിയുടെ ബാധ്യത വഹിക്കുന്നത്. ഉപഭോക്താക്കളാണ്. അവര്‍ നല്‍കാന്‍ തയാറാണെങ്കില്‍ പിന്നെ വ്യാപാരികള്‍ എന്തിന് എതിര്‍ക്കണമെന്നും അദ്ദേഹം ചോദിച്ചു. വ്യാപാരികളുടെ എതിര്‍പ്പിന് കാരണം മുഴുവന്‍ ഇടപാടുകളും ഓണ്‍ലൈന്‍ വഴി ആയതിനാല്‍ വ്യാപാരം വര്‍ധിക്കുന്നതിനനുസൃതമായി നികുതി നല്‍കേണ്ടി വരുമെന്നതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

chandrika: