X

നെയ്മറിന്റെ പരുക്ക്; ബ്രസീലിനും പി.എസ്.ജിക്കും തമ്മില്‍ അഭിപ്രായ ഭിന്നത

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിന്റെ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ബ്രസീലില്‍ എത്തിച്ചു. ശാസ്ത്രക്രിയയെ തുടര്‍ന്ന് അടുത്ത മൂന്ന് മാസത്തേക്ക് ഗ്രൗണ്ടിലിറങ്ങില്ലെന്ന് റിപ്പോര്‍ട്ട്.

ബ്രസീലിലെ ബെലൊ ഹൊറിസോണ്ടെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് ശസ്ത്രക്രിയ എന്ന് പിഎസ്ജിയുടെ സര്‍ജന്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. നെയ്മറിന്റെ പരുക്ക് പിഎസ്ജിയ്ക്കും ബ്രസീലിന്റെ ലോകകപ്പ് മുന്നൊരുക്കങ്ങള്‍ക്കും കനത്ത തിരിച്ചടിയായിട്ടുണ്ട്.

അതേസമയം നെയ്മര്‍ പ്രശ്‌നം യൂറോപ്പിലും ബ്രസീലിലും ചുടുപിടിക്കുകയാണ്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കായി ഫ്രഞ്ച് കപ്പില്‍ മാര്‍സലിക്കെതിരെ കളിക്കവെ പരുക്കേറ്റ് പുറത്തായ സൂപ്പര്‍ താരത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന വാദമാണ് പുതിയ വിവാദമായിരിക്കുന്നത്. കാലില്‍ പൊട്ടുണ്ടെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയ വേണമെന്നുമാണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറയുന്നതെങ്കില്‍ പി.എസ്.ജിക്ക് സര്‍ജറിയോട് താല്‍പ്പര്യമില്ലായിരുന്നു. കഴിഞ്ഞ ദിവസം അവരുടെ പരിശീലകന്‍ പറഞ്ഞത് പരുക്ക് ഗുരുതരമല്ലെന്നും റയല്‍ മാഡ്രിഡിനെതിരെ അടുത്തയാഴ്ച്ച നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദ പോരാട്ടത്തില്‍ ബ്രസീലുകാരന് കളിക്കാന്‍ കഴിയുമെന്നുമാണ്. പക്ഷേ ഇതാരും വിശ്വസിക്കുന്നില്ല. കാലിന്റെ എല്ലില്‍ പൊട്ടലുണ്ടായ സാഹചര്യത്തില്‍ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും നെയ്മര്‍ പുറത്തിരിക്കേണ്ടി വരും.

ബ്രസീല്‍ ദേശീയ ടീമിന്റെ നായകന്‍ കൂടിയാണ് നെയ്മര്‍. ലോകകപ്പ് മൂന്ന് മാസം അരികില്‍ നില്‍ക്കവെ സ്വന്തം ക്യാപ്റ്റന്റെ ആരോഗ്യ കാര്യത്തില്‍ ബ്രസീല്‍ ദേശീയ ടീമിനും ഉത്കണ്ഠയുണ്ട്. ഉടനടി സര്‍ജറി വേണമെന്നാണ് ബ്രസീല്‍ ദേശീയ ടീം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനോട് നെയ്മറിനും താല്‍പ്പര്യമുണ്ട്. എന്നാല്‍ പി.എസ്.ജിയുമായുളള കരാര്‍ പ്രകാരം താരത്തിന്റെ ആരോഗ്യകാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ക്ലബാണ്. അവര്‍ക്ക് പെട്ടെന്ന് സര്‍ജറിയോട് താല്‍പ്പര്യമില്ല. ലോക റെക്കോര്‍ഡ് പ്രതിഫലത്തിനാണ് ബാര്‍സിലോണയില്‍ നിന്നും പി.എസ്.ജി നെയ്മറെ സ്വന്തമാക്കിയത്. ടീം കരാര്‍ പാലിക്കാതെ സ്വന്തം താല്‍പ്പര്യത്തില്‍ നെയ്മര്‍ സര്‍ജറിക്ക് പോയാല്‍ അത് കരാര്‍ ലംഘനമാവും. പി.എസ്.ജി പരാതിപ്പെട്ടാല്‍ നെയ്മര്‍ വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും.

chandrika: