X

നിപാ വൈറസ് കോട്ടയത്തും; മംഗലാപുരത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍

കോട്ടയം: കോഴിക്കോടിനും മലപ്പുറത്തിനും പുറമേ കോട്ടയത്തും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കടുത്ത പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയെന്ന് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് ആസ്പത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് രണ്ടുപേരാണ് ചികിത്സയിലുള്ളത്.

സുഹൃത്തിന്റെ വിവാഹ ചടങ്ങിന് എത്തിയ യുവാവിനെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ്പാ വൈറസ് ബാധയുടെ 60 ശതമാനം ലക്ഷണങ്ങളും യുവാവിനുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. കടുത്ത പനി മൂലം യുവാവ് ക്ഷീണിതനാണ്.

ഇന്ന് രാവിലെയാണ് കലശലായ പനിയെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നിപ്പാ വൈറസ് ബാധയാണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് പ്രത്യേക നിരീക്ഷണത്തില്‍ ചികിത്സ നല്‍കി വരികയാണ്. കോട്ടയത്തെ മലയോര മേഖലകളില്‍ ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിരവധി പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടുന്നത്.

അതേസമയം, മംഗലാപുരത്തും നിപ്പാ വൈറസ് സംശയത്തില്‍ രണ്ടുപേര്‍ നിരീക്ഷണത്തിലാണ്. കേരളത്തില്‍ വന്നുപോയവരാണ് രണ്ടുപേര്‍. ഇതിലൊരാള്‍ മലയാളിയാണ്.

chandrika: