X

ഡല്‍ഹി കൂട്ടബലാത്സംഗം; പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കാവുന്നതാണെന്ന് അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്‍ സുപ്രീംകോടതിയില്‍. വിചാരണകോടതി വിധിയില്‍ പോരായ്മകളുണ്ടെന്നും അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2013 സെപ്റ്റംബര്‍ 11നാണ് വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്.

വധശിക്ഷ വിധിക്കുമ്പോള്‍ എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. ശിക്ഷയെ കുറിച്ച് പ്രതികളുടെ വിശദീകരണം തേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആറോളം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി എതിര്‍പ്പറിയിച്ചിരിക്കുന്നത്. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികള്‍ വിധിക്കെതിരെ കോടതിയെ സമീപിച്ചതോടെയാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നത്.

2012-ഡിസംബര്‍ 16ന് ആണ് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം നടന്നത്. ബസ്സില്‍ യാത്ര ചെയ്തിരുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ആന്തരികാവയങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു.

chandrika: