X

രാഹുലിന്റെ മുഖത്ത് ലേസര്‍ പതിച്ച സംഭവം; പരാതി പരിശോധിക്കുമെന്ന് നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ അപായപ്പെടുത്തല്‍ ശ്രമത്തിനെതിരെ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നല്‍കിയ പരാതിയിലെ വീഡിയോ താന്‍ കണ്ടിട്ടില്ല. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം,
രാഹുലിന്റെ ശരീരത്തില്‍ പതിച്ച ലേസര്‍ രശ്മികള്‍ ക്യാമറയില്‍ നിന്നുള്ളതാണെന്നാണ് എസ്.പി.ജി.വിശദീകരണം. എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ നിന്നുള്ളതാണെന്നാണ് സ്‌പെഷ്യല്‍ സുരക്ഷാവിഭാഗത്തിന്റെ വിശദീകരണം. അമേഠിയില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടാവുകയായിരുന്നു.

ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോണ്‍ഗ്രസ് പരാതി നല്‍കി. ലേസര്‍ രശ്മി ഏഴുതവണ രാഹുലിന്റെ ശരീരത്തില്‍ പതിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് പുറത്തുവിട്ടത്. അമേഠിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സംഭവം.

രാഹുലിന്റെ മുഖത്ത് ലേസര്‍ രശ്മി പതിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് പുറത്തുവിടുകയായിരുന്നു. കുറച്ചുസമയത്തിനുള്ളില്‍ ഏഴു തവണ ലേസര്‍ രശ്മികള്‍ രാഹുലിന്റെ തലക്ക് വലതു വശത്തായി പതിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കന്‍മാരായ അഹമ്മദ് പട്ടേല്‍, ജയ്‌റാം രമേഷ്, രണ്‍ദീപ്‌സിങ് സുര്‍ജേവാല എന്നിവര്‍ ഒപ്പുവെച്ച സംയുക്തപരാതിയാണ് രാജ്‌നാഥ്‌സിങിന് കൈമാറിയത്. പരാതിയില്‍ മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തോക്കില്‍ നിന്നുള്ള ലേസര്‍ രശ്മികളാവാം ഇതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

രാഹുല്‍ഗാന്ധിയുടെ സുരക്ഷ ശക്തമാക്കണമെന്നും അത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയാണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് സമയത്ത് വിമാനപകടത്തില്‍ നിന്നും രാഹുല്‍ഗാന്ധി രക്ഷപ്പെട്ടിരുന്നു.

chandrika: