X

സാമ്പത്തിക പ്രതിസന്ധി; നിര്‍മല സീതാരാമന് എക്കണോമിക്‌സ് പുസ്തകങ്ങള്‍ അയച്ചുകൊടുക്കാനൊരുങ്ങി ഡല്‍ഹി വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ന്യായീകരിക്കുന്ന ധനമന്ത്രി ധനമന്ത്രി നിര്‍മല സീതാരാമന് എക്കണോമിക്‌സ് പുസ്തകങ്ങള്‍ അയച്ചുകൊടുക്കാനൊരുങ്ങി വിദ്യാര്‍ഥികള്‍. പ്രസിദ്ധമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നിര്‍മല സിതാരാമന് ഇക്കണോമിക്‌സ് പുസ്തകങ്ങള്‍ അയച്ചു കൊടുക്കാന്‍ ഡല്‍ഹിയിലെ വിദ്യാര്‍ഥികളാണ് തീരുമാനിച്ചത്. ഈ മാസം 27നാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ അയക്കുന്നത്.

ഐസയുടെ നേതൃത്വത്തിലാണ് വ്യത്യസ്തമായ ഈ പ്രക്ഷോഭം നടക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന കാര്യങ്ങള്‍ പോലും നിര്‍മല സീതാരാമന്‍ മറന്നുപോയിരിക്കുന്നുവെന്ന് ഐസ ഡല്‍ഹി അധ്യക്ഷ കവാല്‍പ്രീത് കൗര്‍ പറഞ്ഞു. കോളേജുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് നിര്‍മല സീതാരാമന് നേരിട്ട് നല്‍കാനാണ് ശ്രമം. അത് സാധിച്ചില്ലെങ്കില്‍ അയച്ചു കൊടുക്കും. അവര്‍ക്ക ഇഷ്ടമുള്ള സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാണെന്നും കവാല്‍പ്രീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി നിര്‍മല സീതാരാമനും ബിജെപിയും ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. രാജ്യത്ത് വന്‍ തൊഴിലില്ലായ്മയാണ് നേരിടുന്നത്. ആളുകളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കവാല്‍പ്രീത് കൗര്‍ പറഞ്ഞു.

chandrika: