X

നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു; പ്രളയഭീതി

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്.ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാര്‍പ്പിച്ചത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം പുതുച്ചേരിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ്. അടുത്ത മണിക്കൂറുകളില്‍ കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിക്കും. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കാമെന്നാണു മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയില്‍നിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കല്‍ ട്രെയിന്‍ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക.

മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയില്‍ പുതുച്ചേരി തീരത്തു മണിക്കൂറില്‍ 120-145 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിവാര്‍ നാശം വിതയ്ക്കുമെന്ന് ആശങ്കയുള്ള കടലൂര്‍, തഞ്ചാവൂര്‍, ചെങ്കല്‍പേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈയില്‍നിന്നു തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കി.

തെക്കന്‍ തമിഴ്‌നാട് വഴിയുള്ള 2 കേരള ട്രെയിനുകളും ഇതിലുള്‍പ്പെടും. 7 ജില്ലകളിലേക്കു സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു. കല്‍പ്പാക്കം ആണവനിലയം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ 21നു രൂപപ്പെട്ട ന്യൂനമര്‍ദമാണു നിവാര്‍ ചുഴലിക്കാറ്റായി മാറിയത്.

 

web desk 3: