X

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനെതിരെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിന് പരോക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പ് പരാജയത്തിൻെറ ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അദ്ധ്യക്ഷനെതിരെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്‌. ‘ഞാനായിരുന്നു പാര്‍ട്ടി അദ്ധ്യക്ഷനെങ്കില്‍ എന്റെ എം.പിമാരും എം.എല്‍.എമാരും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആരായിരിക്കും ഉത്തരവാദി, അത് ഞാന്‍ തന്നെ- ഗഡ്കരി പറഞ്ഞു. ഐ.ബി ഓഫീസര്‍മാരുടെ വാര്‍ഷിക എന്‍ഡോവ്‌മെന്റ് പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി.

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് നല്ലതാണ്. എന്നാൽ അതുകൊണ്ട് ജനങ്ങള്‍ക്ക് സാമൂഹികമായും സാമ്പത്തികമായും മാറ്റങ്ങള്‍ കൊണ്ടുവരാനാകണം ഇല്ലെങ്കിൽ നിങ്ങൾ അധികാരത്തിൽ വരുന്നും പോകുന്നതും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നന്നായി സംസാരിക്കുന്നതുകൊണ്ട് മാത്രം ജനങ്ങൾ വോട്ട് ചെയ്യണമെന്നില്ലെന്നും അതിന് നല്ല മനുഷ്യനാകണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുകള്‍ വരും പോകും പക്ഷേ രാജ്യം നിലനില്‍ക്കുമെന്ന മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ഈ രാജ്യം ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതോ വ്യക്തിയുടേതോ അല്ല മറിച്ച് 120 കോടി ഇന്ത്യക്കാരുടേതാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബി.ജെ.പി നേതൃത്വത്തിനെതിരെ ഗഡ്കരി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോൽവികളുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് അദ്ദേഹം ട്വീറ്റ്  ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും നേതൃത്വത്തിനെതിരെ ​ഗഡ്ക്കരിയുടെ ഒളിയമ്പ്.

chandrika: