X

ശബരിമല: ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഏറ്റുമുട്ടി; സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ ഏറ്റുമുട്ടി. സഭ തുടങ്ങിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കുനേരെ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ശബരിമലയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസാണെന്ന് ചെന്നിത്തല തുറന്നടിച്ചു.

ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയെങ്കിലും ഇരുവരും തമ്മില്‍ വാഗ്വാദങ്ങളുണ്ടായി. പ്രതിഷേധവുമായി പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങിയപ്പോള്‍ ഭരണപക്ഷ അംഗങ്ങളും നടുത്തളത്തിലിറങ്ങിയത് സ്ഥിതി മോശമാക്കി. സ്പീക്കറുടെ ഡയസിനടുത്ത് പ്രതിഷേധം കനത്തതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി സഭ പിരിച്ചുവിടുകയായിരുന്നു. ഇതോടെ നാലാം ദിവസവും സഭ പിരിയുകയായിരുന്നു. അതിനിടെ, ഭരണപക്ഷ എം.എല്‍.എമാരെ സ്പീക്കര്‍ ശാസിച്ചു.

അതേസമയം, ശബരിമല യുവതീപ്രവേശന വിഷയത്തില്‍ യു.ഡി.എഫ് സത്യാഗ്രഹമിരിക്കും. നിയമസഭാ കവാടത്തില്‍ പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ്, വി.എസ് ശിവകുമാര്‍ തുടങ്ങി മൂന്ന് നേതാക്കള്‍ സത്യാഗ്രഹമിരിക്കും.

chandrika: