X

ശബരിമല; നിയമസഭയിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഭ നിറുത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭക്ക് പുറത്തും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസും ബി.ജെ.പിയും ഇതിന് പിന്തുണ നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും സഭാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 20 മിനിറ്റ് മാത്രം സമ്മേളിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അതേസമയം, ശബരിമലയിലേക്ക് കൂടുതല്‍ ആളുകള്‍ വരാതിരിക്കാനാണ് സര്‍ക്കാര്‍ അനാവശ്യ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ശബരിമലയില്‍ നടപ്പിലാക്കിയിരിക്കുന്ന നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിന്‍വലിക്കണം. ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധം ഇനിയും തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

chandrika: