kerala

ന്യൂമാഹി ഇരട്ടക്കൊല: കൊടി സുനി ഉള്‍പ്പെടെ 14 പ്രതികളെയും വെറുതെവിട്ടു

By webdesk17

October 08, 2025

ന്യൂമാഹിയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികളെയും വെറുതെ വിട്ടു. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിയെയും സിപിഎമ്മുകാരായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെയാണ് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കാണിച്ചാണ് കോടതി വിധി.

2010 മേയ് 28-ന് രാവിലെ 11ന് ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത്(28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. പെരിങ്ങാടി റോഡില്‍ കല്ലായിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. മാഹി കോടതിയില്‍ ഹാജരായി തിരിച്ചു വരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൊത്തം 16 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ രണ്ട് പേര്‍ നേരത്തേ മരിച്ചിരുന്നു.

പള്ളൂര്‍ കോയ്യോട് തെരുവിലെ ടി. സുജിത്ത് (36), മീത്തലെച്ചാലില്‍ എന്‍.കെ. സുനില്‍കുമാര്‍ (കൊടി സുനി 40), നാലുതറയിലെ ടി.കെ. സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസില്‍ കെ.കെ. മുഹമ്മദ് ഷാഫി (39), പള്ളൂരിലെ ടി.പി. ഷമില്‍ (37), കവിയൂരിലെ എ.കെ. ഷമ്മാസ് (35), ഈസ്റ്റ് പള്ളൂരിലെ കെ.കെ. അബ്ബാസ് (35), ചെമ്പ്രയിലെ രാഹുല്‍ (33), നാലുതറ കുന്നുമ്മല്‍വീട്ടില്‍ വിനീഷ് (44), നാലുതറ പടിഞ്ഞാറെ പാലുള്ളതില്‍ പി.വി. വിജിത്ത് (40), പള്ളൂര്‍ കിണറ്റിങ്കല്‍ കെ. ഷിനോജ് (36), ന്യൂമാഹി അഴീക്കല്‍ മീത്തലെ ഫൈസല്‍ (42), ഒളവിലം കാട്ടില്‍ പുതിയ വീട്ടില്‍ സരീഷ് (40), ചൊക്ലി തവക്കല്‍ മന്‍സില്‍ ടി.പി. സജീര്‍(38) എന്നിവരാണ് പ്രതികള്‍. 10-ാം പ്രതി സി.കെ. രജികാന്ത്, 12-ാം പ്രതി മുഹമ്മദ് രജീസ് എന്നിവര്‍ സംഭവശേഷം മരിച്ചു.