X

ആധാറിന്റെ പേരില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; ഒടുവില്‍ യുവതി ആശുപത്രി വരാന്തയില്‍ കുഞ്ഞിന് ജന്മം നല്‍കി

ഗുഡ്ഗാവ്: ആധാര്‍കാര്‍ഡ് കൊണ്ടുവരാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു.
ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് മുന്നി(25) എന്ന യുവതിക്കാണ് ദുരുനുഭവം ഉണ്ടായത്. പ്രസവവേദനയെ തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലെത്തിയത്. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്നും അതിനായി ആധാര്‍കാര്‍ഡ് വേണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവന്നില്ലെന്നും കാര്‍ഡ് നമ്പര്‍ നല്‍കാമെന്നും പറഞ്ഞെങ്കിലും ലേബര്‍ റൂമില്‍ ഉണ്ടായിരുന്ന ഡോക്ടറും നഴ്‌സും അത് കേള്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറത്തെ വരാന്തയില്‍ കഴിയേണ്ടി വന്ന മുന്നി അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. ് ആശുപത്രിയിലെ മാതൃശിശു പരിചരണ വിഭാഗത്തിലാണ് അമ്മയുംകുഞ്ഞും ഇപ്പോള്‍.

ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ തടിച്ചുകൂടിയ ജനങ്ങള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധം നടത്തി. തുടര്‍ന്ന് ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. അതേസമയം ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ് സ്‌കാനിംഗ് റിപ്പോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് പറഞ്ഞതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

chandrika: