X
    Categories: MoreViews

നിര്‍വികാരയായി ആമി; സിനിമ എടുക്കണമെങ്കില്‍ കമല്‍ ‘എന്റെ കഥ’യെങ്കിലും വായിച്ചിരിക്കണം…

ഫസീല മൊയ്തു

തുടക്കം മുതല്‍ അവസാനം വരെ ഇത്രയുമയധികം വിവാദങ്ങള്‍ കത്തിനിന്നൊരു മലയാള സിനിമ അടുത്തൊന്നുമുണ്ടാവില്ല. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാസുരയ്യയുടെ ജീവിതകഥ പറയുന്ന ചിത്രം ‘ആമി’ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ കമല്‍ എല്ലാം ഉറപ്പിച്ചു തീരുമാനിച്ചാവും പുറപ്പെട്ടുണ്ടായിരിക്കുക. അങ്ങനെ കത്തിനിന്ന വിവാദങ്ങള്‍ക്കിടെ ആമിയെത്തി. മാധവിക്കുട്ടിയായും കമലാദാസായും സുരയ്യയായും മലയാളികളുടെ മനസ്സിനെ തൊട്ടറിഞ്ഞ ആമി വെള്ളിത്തിരയിലെത്തുമ്പോള്‍ കമല്‍ എന്ന സംവിധായകന്റെ ദയനീയ തോല്‍വിയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുന്നത്.

പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലെ ബാല്യകാലവും കൗമാരവുമാണ് സിനിമയില്‍ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത്. കുട്ടിക്കാലത്തു തന്നെ കൊല്‍ക്കത്തയിലേക്ക് പറിച്ചു നടുന്ന ആമിയുടെ കൗമാരകാലവും പിന്നീട് വിവാഹജീവിതവും സിനിമയില്‍ പറയുന്നുണ്ട്. മേല്‍ജാതി കീഴ്ജാതി സാമൂഹികാവസ്ഥയെ ചെറുതായി തൊട്ടുകാണിച്ച് മുന്നോട്ടുപോകുന്ന സംവിധായകന് ആമിയെ യൗവ്വനകാലത്തില്‍ വരച്ചെടുക്കുമ്പോള്‍ കൈവിറക്കുന്നതാണ് വലിയ പോരായ്മ. ബാല്യവും കൗമാരവും ഭംഗിക്ക് അഭിനയിപ്പിച്ചു പ്രതിഫലിപ്പിക്കാന്‍ കൊച്ചു താരങ്ങള്‍ക്ക് കഴിഞ്ഞെങ്കിലും മഞ്ജുവാര്യര്‍ മാധവിക്കുട്ടിയായി എത്തിയപ്പോള്‍ അലോസരങ്ങളുടെ പെരുമഴയായിരുന്നു. വെച്ചുകെട്ടിയ വേഷവിധാനങ്ങളും ഭാഷയുടെ ഏച്ചുകെട്ടലുകളും എന്തിന് മാധവിക്കുട്ടിയുടെ ഉള്ളുതുറന്ന ചിരിപോലും പ്രേക്ഷകരെ അസ്വസ്ഥരാക്കി. ഒന്നിനു പിറകെ ഒന്നൊന്നായി വന്ന എല്ലാ രംഗങ്ങളിലും മഞ്ജുവിന് മാധവിക്കുട്ടിയാവാന്‍ കഴിഞ്ഞില്ലെന്നത് പ്രേക്ഷകര്‍ക്ക് നിരാശയാണ് നല്‍കിയത്. രാധാ-കൃഷ്ണ പ്രണയത്തെ കൂട്ടുപിടിച്ച് സാങ്കല്‍പ്പിക കഥാപാത്രമായി നടന്‍ ടൊവീനോ തോമസ് ആമിയിലുണ്ട്. ഇടക്കിടെ മഞ്ജുവിന്റെ നരേഷനൊപ്പം ടൊവീനോയും എത്തുന്നുണ്ട്. എന്നാല്‍ മെച്ചപ്പെട്ടതെന്തെങ്കിലും ടൊവീനോക്ക് ചെയ്യാന്‍ ചിത്രത്തിലില്ല എന്നതാണ് വാസ്തവം.

15-ാം വയസ്സില്‍ വിവാഹിതയാവുന്ന മാധവിക്കുട്ടിയുടെ ഭര്‍ത്താവായി വേഷമിടുന്നത് 35കാരനായ മുരളീഗോപിയാണ്. അഭിനയത്തില്‍ മുരളീഗോപിയുടെ മികവ് പ്രശംസനീയമാണ്. വിവാഹജീവിതത്തെക്കുറിച്ച് പറയുന്ന സിനിമയുടെ ആദ്യഭാഗം കൂടുതലും നീട്ടിവലിച്ചു കൊണ്ടുപോവുകയാണ് സംവിധായകന്‍. രണ്ടാം ഭാഗത്തില്‍ ഏറെ പ്രശസ്തയായ മാധവിക്കുട്ടി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതും അവരുടെ വിവാദമായ മതംമാറ്റവുമാണ് കാണിക്കുന്നത്. അക്ബര്‍ അലി എന്ന മുസ്‌ലിം യുവാവില്‍ ആകൃഷ്ടയാവുകയും ഇരുവരും പരസ്പരം അടുക്കുകയും ചെയ്യുന്നതാണ് ആമിയിലെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു രംഗം. ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയാവുന്ന മാധവിക്കുട്ടി മതം മാറുന്നതോടെ അവര്‍ക്കെതിരെ തീവ്ര ഹൈന്ദവ നിലപാടുകാര്‍ തിരിയുന്നത് കമലെന്ന സംവിധായകന്‍ വൃത്തിക്ക് കാണിക്കുന്നുണ്ട്. എന്നാല്‍ മതംമാറി മറുപക്ഷത്തെത്തുന്ന കമലാസുരയ്യയെ കാണിക്കുമ്പോള്‍ സംവിധായകന്‍ അതീവ ദുര്‍ബലയായ ഒരു സ്ത്രീയെയാണ് വരച്ചുകാണിക്കുന്നത്. ചില രംഗങ്ങളില്‍ മഞ്ജു കമലാസുരയ്യയെ കൈപിടിയിലൊതുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നത് ആമിക്കൊരു മുതല്‍കൂട്ടാണെന്ന് വിലയിരുത്താം.

1971 കാലഘട്ടം മുതലിങ്ങോട്ട് മാധവിക്കുട്ടിയുടെ ജീവിത പശ്ചാത്തലം ദൃശ്യവല്‍ക്കരിക്കാന്‍ മധു നീലകണ്ഠന്റെ ക്യാമറ ശ്രമിച്ചിട്ടുണ്ട്. അതില്‍ കുറേയൊക്കെ വിജയിക്കുന്നുമുണ്ട്. ചിത്രത്തിലെ പശ്ചാത്തല സംഗീതവും ശ്രേയ ഘോഷാലിന്റെ ശബ്ദ മാധുര്യവും മാത്രമാണ് പ്രേക്ഷകരെ പിന്നേയും പിടിച്ചുനിര്‍ത്തുന്നത്. അവസാന നാളുകളില്‍ മൂന്നു ഭാഷകളറിയാവുന്ന, രണ്ടു ഭാഷകളിലെഴുതുന്ന മാധവിക്കുട്ടിയെ ഏറെ ദുര്‍ബലയായും, നിര്‍വികാരയായും കമല്‍ വരച്ചിടുമ്പോള്‍ സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നതിത്ര മാത്രമാണ്, കമല്‍ ഒന്നു കൂടി ‘ എന്റെ കഥ’ വായിക്കണം.

chandrika: