X

സാമ്പത്തിക മാന്ദ്യം: ഹിന്ദു കലണ്ടര്‍ വാദത്തില്‍ തിരുത്ത്; ഇടിവുണ്ടായിട്ടില്ലെന്ന് സുശീല്‍ മോദി

പാറ്റ്‌ന: ഹിന്ദു കലണ്ടര്‍ പ്രകാരം രാജ്യത്തെ സാമ്പത്തിക മുരടിപ്പ് സ്വാഭാവികമാണെന്ന വാദത്തില്‍ പുതിയ തിരുത്തുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദി. രാജ്യത്ത് സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം നേരിടുന്നുണ്ടെന്നും വാഹനമേഖലയില്‍ ഇടിവുണ്ടായിട്ടുണ്ടെന്നുമാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ബീഹാറിലെ വാഹന വില്‍പ്പനയില്‍ ഇടിവുണ്ടായിട്ടില്ലെന്നും വാസ്തവത്തില്‍ സംസ്ഥാനത്ത് വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചെന്നുമാണ് സുശീല്‍ മോദി അവകാശപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭീതി പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം രാജ്യത്തെ സാമ്പത്തിക മുരടിപ്പ് അംഗീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസം ബിഹാര്‍ ഉപമുഖ്യമന്ത്രി രംഗത്തെത്തിയിരുന്നത്. രാജ്യത്ത് സാമ്പത്തിക മുരടിപ്പ് സ്വാഭാവികമാണെന്നും ഹിന്ദു കലണ്ടര്‍ പ്രകാരം അഞ്ചും ആറും മാസങ്ങളില്‍ എല്ലാവര്‍ഷവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാറുണ്ടെന്നുമാണ് മോദി പറഞ്ഞത്.

”സാധാരണ ഗതിയില്‍ എല്ലാ വര്‍ഷവും സാവന്‍-ഭാദോ (ഹിന്ദു കലണ്ടറിലെ അഞ്ചും ആറും മാസങ്ങള്‍) സമയത്ത് ചാക്രികമായ സാമ്പത്തിക പിന്നാക്കാവസ്ഥ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശ തീര്‍ക്കാന്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. സ്ഥിതിഗതികള്‍ വൈകാതെ നിയന്ത്രണ വിധേയമാകും. ഈ സാഹചര്യങ്ങള്‍ ബിഹാറിനെ ബാധിക്കില്ല. ബിഹാറില്‍ വാഹന വിപണിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല. സാമ്പത്തിക ഉത്തേജനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മൂന്നാമത്തെ ആശ്വാസ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു.

രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം നടത്തിയിരുന്നു. മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

chandrika: