X

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കില്ല; ധനമന്ത്രി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ 1600 രൂപയായി തുടരും. സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി നൽകാൻ കേന്ദ്രം അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. എന്നാൽ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ പെൻഷൻ വർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.

ഈ വർഷത്തെ കേരളീയം പരിപാടിക്കായി 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഫീച്ചറുകളും മറ്റും തയ്യാറാക്കുന്നവർക്ക് പ്രോത്സാഹന സമ്മാനത്തിനായി 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

2020-21ൽ കേരളത്തിന്റെ മൊത്തം ചെലവ് 1,38,884 കോടി രൂപയായിരുന്നു. 2022-23ൽ അത് 1,58,738 കോടി രൂപയായി ഉയർന്നു. ഈ വർഷം അവസാനമാവുമ്പോഴേക്കും അത് 1,68,407 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 30,000 കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടയിൽ ഉണ്ടായത്. സാമൂഹ്യക്ഷേമ പദ്ധതികൾ വേണ്ടെന്നുവച്ച് ചെലവ് നിയന്ത്രിക്കാൻ സർക്കാർ തയ്യാറല്ലെന്നും ധനമന്ത്രി പറഞ്ഞു.

webdesk13: