X

മുസ്‌ലിം വിരുദ്ധത: ട്രംപിനെതിരെ വീണ്ടും ജഡ്ജി; ‘നിയമത്തിനു മുന്നില്‍ ആരും വലിയവനല്ല, പ്രസിഡന്റു പോലും’

വാഷിങ്ടണ്‍: ഏഴു മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ലെന്ന് പ്രഖ്യാപനം നടത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും യു.എസ് ജഡ്ജി രംഗത്ത്. സിയാറ്റില്‍ ജില്ലാ കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജെയിംസ് എല്‍ റോബര്‍ട്ടാണ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ രംഗത്തുവന്നത്. മുസ്‌ലിം അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം വിലക്കിയ ട്രംപിന്റെ ഉത്തരവ് രാജ്യവ്യാപകമായി ജഡ്ജി മരവിപ്പിച്ചു. ‘രാജ്യത്ത് ഭരണഘടന നടപ്പാക്കേണ്ടതുണ്ട്. നിയമത്തിനു മുന്നില്‍ ആരും വലിയവരല്ല, പ്രസിഡന്റു പോലും’- ജഡ്ജി പറഞ്ഞു. പ്രസിഡന്റിന്റെ ഉത്തരവ് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ബോബ് ഫെര്‍ഗൂസന്റെ വാദം ജഡ്ജി തള്ളി.

ട്രംപിന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. മതത്തിന്റെ പേരില്‍ ജനങ്ങളോട് വിവേചനം കാണിക്കുന്നത് ഭരണഘടനക്ക് എതിരാണെന്നും ജഡ്ജി പറഞ്ഞു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനം വന്നതിനു ശേഷം രാജ്യത്ത് ഇതുവരെ 60000 വിസ അസാധുവാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇറാഖ്, സിറിയ, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയാണ് രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ ഉത്തരവ് നേരത്തെ തന്നെ അമേരിക്കയിലെ വിവിധ കോടതികള്‍ സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി ഉത്തരവ് തടയുന്നത് ഇതാദ്യമാണ്.

chandrika: