X

എന്‍.ഡി.എയിലെ തമ്മിലടി തുടരുന്നു; 200ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് കരുതുന്നില്ലെന്ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ എന്‍.ഡി.എ മുന്നണിയിലെ നേരിട്ട പൊട്ടിത്തെറി തുടരുന്നു. ബി.ജെ.പിയുടെ ഏകാധിപത്യത്തെ രൂക്ഷമായി വിമര്‍ശിച്ച് സംഖ്യകക്ഷിയായ അകാലിദള്‍ രംഗത്തെത്തി.

2019 പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് താന്‍ കരുതുന്നില്ലെന്ന് അകാലിദള്‍ നേതാവ് നരേഷ് ഗുജ്റാള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നേ കൃത്യമായ സഖ്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ വിജയികളാകും. സഖ്യകക്ഷികളെ വേണ്ടവിധം പരിഗണിച്ചില്ലെങ്കിവും അവരുമായി നല്ല ബന്ധം പുലര്‍ത്തിയില്ലെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അകാലിദള്‍ മുന്നറിയിപ്പ് നല്‍കി.

അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെങ്കില്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിട്ട് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍.ഡി.എ ഘടകകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും വ്യക്തമാക്കി.

ശിവസേന അടക്കമുള്ള മുന്നണിയിലെ കക്ഷികളുമായി ബി.ജെ.പി നല്ല ബന്ധത്തിലെത്തുന്നതാണ് സഹായകമാകുക. പ്രശ്നങ്ങള്‍ പരിഹരിച്ച് സഖ്യം തുടരണം. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലെങ്കില്‍ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോവുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അവരുടെ സുരക്ഷയെ പറ്റി ആശങ്കയിലാണ്. അവര്‍ക്കത് നല്‍കിയില്ലെങ്കില്‍ അവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി പോകും. സാമ്പത്തിക ഘടകങ്ങളും ഗ്രാമീണമേഖലകളിലെ അപസ്വരങ്ങളും നമ്മള്‍ കാണാതെ പോകരുത്- നരേഷ് ഗുജ്റാള്‍ പറഞ്ഞു.

യു.പിയിലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷനും യു.പി മന്ത്രിയുമായ ഓംപ്രകാശ് രജ്ഭറിന്റെ ഭീഷണി. ഉത്തര്‍പ്രദേശില്‍ രജ്ഭറിന്റെ പാര്‍ട്ടിയ്ക്ക് നാല് എം.എല്‍.എമാരുണ്ട്.

ബിജെപിയുടെ കനത്ത തോല്‍വിയില്‍ വീണ്ടും വിമര്‍ശനവുമായി ശിവസേന. മോദിയുടെയും അമിത് ഷായുടെയും ധിക്കാരമാണ് ഒടുവില്‍ കണ്ടതെന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി സ്വന്തം വിജയം വിനീതമായാണ് സ്വീകരിച്ചത്. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്‍ മോദി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയോ ഇന്ദിരാഗാന്ധിയുടെയോ രാജീവ് ഗാന്ധിയുടെയോ സംഭാവനകളെ അംഗീകരിക്കുന്നില്ല. അദ്ദേഹം ബിജെപിയുടെ വളര്‍ച്ചക്ക് എല്‍ കെ അദ്വാനിയും മറ്റ് നേതാക്കളും നല്‍കിയ സംഭാവനകള്‍ പോലും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. മഹാഭാരതത്തില്‍ മാത്രമേ ഇത്രയും ധിക്കാരം കണ്ടിട്ടുള്ളുവെന്നും ഉദ്ദവ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ വിനയത്തെ പ്രശംസിച്ച ശിവസേന, 2019 ല്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ഒരിക്കലും ബിജെപി മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ തനിക്ക് നേരെ വന്ന കല്ലുകളെ ചെറുത്തുവെന്നതിനും എങ്ങനെ ജനാധിപത്യം നിരവധി ആക്രമണങ്ങളില്‍നിന്ന് അതിജീവിച്ചുവെന്നതിനുമുള്ള ഉത്തരം രാഹുലിന്റെ വിനയമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ വിമര്‍ശനം. ഛത്തീസ്ഗഡില്‍ നാണംകെട്ട തോല്‍വിയാണ് ബി.ജെപ.ിക്കുണ്ടായത്.

2014ല്‍ കേന്ദ്രത്തില്‍ അധികാരമേറ്റശേഷമുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തോല്‍വിയാണ് ബി.ജെ.പിക്കുണ്ടായത്. നേരത്തെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി.) എന്‍.ഡി.എ വിട്ടിരുന്നു. പാര്‍ട്ടിയധ്യക്ഷന്‍ ഉപേന്ദ്ര കുശ്‌വാഹ തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവെക്കുകയും ചെയ്തിരുന്നു.

chandrika: