X

സാഹിത്യ നൊബേല്‍ നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക്

2023ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫോസെക്ക്. ഗദ്യ സാഹിത്യത്തിന് നല്‍കിയ സംഭാവകള്‍ പരിഗണിച്ചാണ് ഫോസെക്ക് പുരസ്‌കാരം. ഫോസെയുടെ നാടകങ്ങളും ഗദ്യങ്ങളും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്ന് നൊബേല്‍ പുരസ്‌കാര നിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.

നാടകങ്ങള്‍, നോവലുകള്‍, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസെയുടേതായിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച സമകാലിക നാടകകൃത്തുക്കളില്‍ ഒരാളായാണ് യോന്‍ ഫൊസ്സെ കണക്കാക്കപ്പെടുന്നത്. 1983ല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) എന്ന നോവലിലൂടെയാണ് സാഹിത്യലോകത്തേക്ക് എത്തിയത്. ആദ്യ നാടകമായ ഓഗ് ആല്‍ഡ്രി സ്‌കാല്‍ വി സ്‌കില്‍ജസ്റ്റ് 1994ല്‍ അവതരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.

നാടകങ്ങള്‍ക്കുപുറമെ നിരവധി നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും രചിച്ചിട്ടുണ്ട്. കൃതികള്‍ നാല്‍പ്പതിലധികം ഭാഷകളിലേക്ക് വര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡ്രീം ഓഫ് ഓട്ടം, ദി നെയിം എന്നിവ ശ്രദ്ധേയ നാടകങ്ങളാണ്.

ക്രിസ്റ്റഫര്‍ ഫൊസ്സെ വിഗ്ഡിസ് നന്ന എര്‍ലന്‍ഡ് ദമ്പതികളുടെ മകനായി നോര്‍വേയിലെ ഹാഗിസണ്ടില്‍ 1959 സെപ്റ്റംബര്‍ 29നായിരുന്നു യോന്‍ ഫൊസ്സെയുടെ ജനനം. അറുപത്തിനാലുകാരനായ ഫൊസ്സെ നിലവില്‍ ബെര്‍ഗനിലാണ് താമസം.

2011 മുതല്‍, നോര്‍വീജിയന്‍ കലകള്‍ക്കും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നോര്‍വീജിയന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും ഓസ്ലോ നഗരമധ്യത്തിലെ റോയല്‍ പാലസിന്റെ പരിസരത്ത് സ്ഥിതിചെയ്യുന്നതുമായ ഒരു ഓണററി വസതിയായ ഗ്രോട്ടന്‍ ഫൊസ്സിന് അനുവദിച്ചു.

ദ ഡെയ്‌ലി ടെലിഗ്രാഫ് പ്രസിദ്ധീകരിച്ച ജീവിച്ചിരിക്കുന്ന 100 മികച്ച പ്രതിഭകളുടെ പട്ടികയില്‍ ഫോസ് 83ാം സ്ഥാനം നേടിയിട്ടുണ്ട്. 2007ല്‍ ഫ്രാന്‍സിലെ ഓര്‍ഡ്രെ നാഷണല്‍ ഡു മെറിറ്റിന്റെ ഷെവലിയറായി ഫോസെയെ നിയമിച്ചു.

ഫൊസ്സെ മിനിമലിസം’ എന്നാണ് യോന്‍ ഫൊസ്സെയുടെ എഴുത്തുശൈലി പരക്കെ അറിയപ്പെട്ടിരുന്നത്. വേദനാജനകമായ വ്യതിയാനങ്ങളിലൂടെ, ഫൊസ്സെ തന്റെ പ്രധാന പ്രമേയങ്ങളിലൊന്നായ അനിശ്ചിതത്വത്തിന്റെ നിര്‍ണായക നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന ‘സ്‌റ്റെങ്ഡ് ഗിറ്റാര്‍’ (1985) ല്‍ ഇത് പ്രകടമാണ്. ഫൊസ്സെയുടെ രണ്ടാമത്തെ നോവലാണിത്.

മനുഷ്യ ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യത്തെ തുറന്നുകാട്ടുന്ന സാഹചര്യങ്ങളാണ് ഫൊസ്സെ തെന്റെ കൃതികളിലൂടെ അവതരിപ്പിക്കുന്നത്.ഫ്രഞ്ച് സാഹിത്യകാരി അനീ എര്‍നോയ്ക്കായിരുന്നു കഴിഞ്ഞവര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള ധൈര്യം കണക്കിലെടുത്തായിരുന്നു പുരസ്‌കാരം.

ഇത്തവണത്തെ നോബേല്‍ പുരസ്‌കാരങ്ങളില്‍ സമാധാനത്തിനും സാമ്പത്തികശാസ്ത്രത്തിനുള്ളവയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. സമാധാനത്തിനുള്ള പുരസ്‌കാരം നാളെയും സാമ്പത്തികശാസ്ത്രത്തിനുളളത് ഒന്‍പതിനും പ്രഖ്യാപിക്കും.

webdesk13: