X
    Categories: indiaNews

പ്രിയങ്കയുടെ വസ്ത്രം പുരുഷപൊലീസ് പിടിച്ചുവലിച്ച സംഭവം; ഖേദം പ്രകടിപ്പിച്ച് നോയിഡ പൊലീസ്

ലക്‌നൗ: ഹാത്രസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് ഭരണകൂടവും പൊലീസും യുപി അതിര്‍ത്തിയില്‍ തീര്‍ത്ത സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ നടന്ന അക്രമത്തില്‍ ഖേദം പ്രകടിപ്പിച്ച് അധികാരികള്‍. പൊലീസ് സൃഷ്ടിച്ച തടസ്സങ്ങളെല്ലാം മറികടന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ തോളിപിടിച്ച് പൊലീസുകാരന്‍ വസ്ത്രം വലിച്ചത്. എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നോയിഡ പൊലീസ് തന്നെ രംഗത്തെത്തിയത്. പ്രിയങ്കക്കെതിരെ നടന്ന അക്രമത്തില്‍ അന്വേഷണത്തിന് ഉന്നത പൊലീസിനെ നിയമിച്ചതായും അധികൃതര്‍ അറിയിച്ചു.

ഹാത്രസിലേക്ക് ഇന്നലെ ഉച്ചക്ക് പുറപ്പെട്ട രാഹുലിനേയും പ്രിയങ്കയേയും തടയാനായി യുപി-ഡല്‍ഹി അതിര്‍ത്തിയായ നോയിഡ ടോള്‍പാസയില്‍ രാവിലെതന്നെ യുപി പൊലീസ് വാഹനങ്ങള്‍ തടഞ്ഞിരുന്നു. വൈകിട്ട് നാലരയോടെ രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘത്തെ യുപി അതിര്‍ത്തിയില്‍ എത്തുമ്പോഴേക്കും വന്‍ പൊലീസ് സന്നാഹം തന്നെ അതിര്‍ത്തിയില്‍ തീര്‍ത്തായിരുന്നു യോഗി പൊലീസിന്റെ നടപടി. ഇരുവരേയും തടഞ്ഞ പൊലീസ് നടപടി സംഘര്‍ഷത്തിനും ലാത്തിച്ചാര്‍ജിനും കാരണമായിരുന്നു. പൊലീസ് വേലിക്കെട്ടു ഭേദിക്കാന്‍ രാഹുലും പ്രിയങ്കയും നേരിട്ടിറങ്ങി. പൊലീസ് മര്‍ദ്ദനത്തില്‍ നിന്നും പ്രവര്‍ത്തകരെ രക്ഷിക്കാന്‍ പ്രിയങ്ക ബാരിക്കേട് എടുത്തുചാടുക വരേയുണ്ടായി. ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവിലാണ് 5 പേരെ കടത്തിവിടാന്‍ പൊലീസ് തയാറായത്.

അതേസമയം, പ്രിയങ്കയുടെ വസ്ത്രം പുരുഷ പൊലീസ് പിടിച്ചുവലിച്ച നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരേയും യുപി പൊലീസ് അതിക്രമം കാണിച്ചിരുന്നു.

എന്നാല്‍, പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്നു ലോകത്തെ ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്നു പ്രഖ്യാപിച്ചാണ് പ്രിയങ്കയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ട രാഹുല്‍ ഇന്നലെ രാത്രി ഏഴരയോടെ ഹത്രസിലെത്തിയത്. മാധ്യമ പ്രവര്‍ത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും പുറത്തു നിര്‍ത്തിയ ശേഷം വീടിനകത്തു കയറിയ ഇരുവരും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം മുക്കാല്‍ മണിക്കൂര്‍ ചെലവിട്ടു. പ്രിയങ്കയെ കെട്ടിപ്പിടിച്ച് വാവിട്ടു കരഞ്ഞ പെണ്‍കുട്ടിയുടെ അമ്മ, തന്റെ മകള്‍ക്കു നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. യുപി സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നു പിതാവ് പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്‌നിക് എന്നിവരും ഒപ്പമുണ്ടായിരുന്നു.

chandrika: