X
    Categories: MoreViews

മോദി സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയം അവതരിപ്പിച്ചു; ബി.ജെ.പി നേതൃത്വം ആശങ്കയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.

തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) അംഗം കെ.ശ്രീനിവാസ് ഇന്നു രാവിലെ 11 മണിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്.
ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. എന്നാല്‍ കര്‍ഷക പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, വിദേശനയം, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും. ഏഴു മണിക്കൂര്‍ ചര്‍ച്ചക്ക് ശേഷം വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും. തുടര്‍ന്ന് പ്രമേയം വോട്ടിനിടും.

ബി.ജെ.പിക്ക് മൂന്ന് മണിക്കൂറും 33 മിനിറ്റും കോണ്‍ഗ്രസിന് 38 മിനിറ്റും ടിഡിപിക്ക് 13 മിനിറ്റുമാണ് ചര്‍ച്ചക്ക് സമയം അനുവദിച്ചിരിക്കുന്നത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. രാത്രി വരെ സഭാ നടപടികള്‍ നീളാനാണ് സാധ്യത.

സര്‍ക്കാറിന്റെ പരാജയങ്ങള്‍ തുറന്നുകാണിക്കാന്‍ പ്രമേയചര്‍ച്ച ഉപയോഗപ്പെടുത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ പറഞ്ഞു.
15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ലോക്‌സഭാ സര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയം പരിഗണിക്കുന്നത്.

chandrika: