X

ന്യൂക്ലിയര്‍ ബട്ടണ്‍ എന്റെ ടേബിളില്‍: യു.എസിന് ഉന്നിന്റെ ഭീഷണി

പ്യോങ്യാങ്: പുതുവര്‍ഷത്തില്‍ ഭീഷണി മുഴക്കിയും ഒലീവ് ചില്ല വീശിയും ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്‍. ആണവായുധം പ്രയോഗിക്കുന്നതിനുള്ള ന്യൂക്ലിയര്‍ ബട്ടന്‍ തന്റെ മേശപ്പുറത്താണെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കക്ക് യുദ്ധം തുടങ്ങാന്‍ ഒരിക്കലും കഴിയില്ലെന്ന് ഉന്‍ മുന്നറിയിപ്പുനല്‍കി. അമേരിക്ക മുഴുവന്‍ ഉത്തരകൊറിയന്‍ ആണാവയുധങ്ങളുടെ പരിധിയിലാണെന്ന് പുതുവത്സര സന്ദേശത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. ‘അതൊരു യാഥാര്‍ത്ഥ്യമാണ്. ഭീഷണിയല്ല’-ഉന്‍ വ്യക്തമാക്കി. ദക്ഷിണകൊറിയക്ക് ഒലീവ് ചില്ല നല്‍കാനും അദ്ദേഹം മറന്നില്ല. ദക്ഷിണകൊറിയയുമായി തുറന്ന ചര്‍ച്ചക്ക് തയാറാണ്.

ഫെബ്രുവിരിയില്‍ സോളിയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്‌സില്‍ ഉത്തരകൊറിയ ടീമിനെ അയക്കുമെന്നും ഉന്‍ അറിയിച്ചു. ആയുധ പദ്ധതികളില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ, ലക്ഷ്യം നേടുന്നതിനുമുമ്പ് അല്‍പം ചില ഘട്ടങ്ങള്‍ കൂടി കടക്കേണ്ടതുണ്ട്.

ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വന്‍തോതില്‍ നിര്‍മിച്ച് വിന്യാസം വേഗത്തിലാക്കുമെന്ന് ഉന്‍ പ്രഖ്യാപിച്ചു. സമാധാനത്തിന് ഭീഷണിയുണ്ടെന്ന് ഉറപ്പില്ലാതെ ആണവായുധങ്ങള്‍ ആദ്യം ഉപയോഗിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുടെ ഭീഷണികളോട് തുറന്ന് പ്രതികരിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിസമ്മതിച്ചു.

കിമ്മിന്റെ പുതിയ ഭീഷണികളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കാത്തിരുന്നു കാണുകയെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കക്കെതിരെ കടുത്ത ഭാഷയില്‍ സംസാരിച്ച ഉന്‍ അയല്‍രാജ്യമായ ദക്ഷിണകൊറിയയെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്വരം മയപ്പെടുത്തി. അവരോട് സഹകരിക്കാന്‍ തയാറാണെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇരുകൊറിയകള്‍ക്കിടയില്‍ മരവിച്ചിരിക്കുന്ന ബന്ധങ്ങളില്‍ മഞ്ഞുരുക്കം ആവശ്യമാണ്.

രാജ്യത്തിന്റെ ചരിത്രത്തില്‍ വിശേഷപ്പെട്ട വര്‍ഷമായി പുതുവര്‍ഷം മാറുമെന്നും ഉന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഉന്നിന്റെ പ്രസ്താവനയെ ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് സ്വാഗതം ചെയ്തു. ഏതു സമയത്തും എവിടെ വെച്ചും ഉത്തരകൊറിയയുമായി സംസാരിക്കാന്‍ തങ്ങള്‍ സദാസന്നദ്ധമാണ് അദ്ദേഹം അറിയിച്ചു.

chandrika: