X
    Categories: indiaNews

ഒരു പാര്‍ട്ടിയിലും ചേരുന്നില്ല, ഡോക്ടറായി തുടരും: കഫീല്‍ ഖാന്‍

ജയ്പൂര്‍: ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഉദ്ദേശ്യമില്ലെന്നും ഡോക്ടറായി തന്നെ തുടരുമെന്നും കഫീല്‍ഖാന്‍. കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈയിടെ ജയില്‍ മോചിതനായ കഫീല്‍ ഖാന്‍ നിലപാട് വ്യക്തമാക്കിയത്.

പൊതുസുരക്ഷാ നിയമപ്രകാരം മഥുര ജയിലില്‍ കഴിഞ്ഞിരുന്ന ഖാനെ മോചിപ്പിക്കാന്‍ അലഹബാദ് ഹൈക്കോടതിയാണ് ഉത്തരവിട്ടിരുന്നത്. അലീഗര്‍ സര്‍വകലാശാലയില്‍ ഖാന്‍ നടത്തിയ പ്രസംഗം വിദ്വേഷം പരത്തുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മോചിതനായതിന് പിന്നാലെ ഇദ്ദേഹം രാജസ്ഥാനിലേക്ക് താമസം മാറിയിരുന്നു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് മാറുന്നത് എന്ന് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നത്.

‘ഞാനൊരു ഡോക്ടറാണ്. അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും’ – എന്നാണ് ഖാന്‍ ഇതേക്കുറിച്ച് പറഞ്ഞത്. ബിഹാറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹവും അദ്ദേഹം പങ്കുവച്ചു.

ഓക്‌സിജന്‍ സിലണ്ടറുകള്‍ ഇല്ലാത്തതു മൂലം നിരവധി കുട്ടികള്‍ മരണത്തിന് കീഴടങ്ങിയ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗദ്ധനായിരുന്നു ഖാന്‍. 2017ല്‍ അത്യാഹിതമുണ്ടായ വേളയില്‍ സ്വന്തം നിലയില്‍ സിലിണ്ടര്‍ സംഘടിപ്പിച്ച ഖാന്റെ നടപടിക്ക് പിന്നാലെയാണ് അദ്ദേഹത്തെ ഭരണകൂടം വേട്ടയാടിയത്.

Test User: