X

നോട്ട് നിരോധനം; മോദി നിര്‍മിത ദുരന്തത്തിന്റെ അഞ്ചാണ്ട്‌

ന്യൂഡല്‍ഹി: സമാനതയില്ലാത്ത ദുരന്തത്തിന്റെ വേദനയും പേറി ഇന്ത്യന്‍ ജനത നോട്ട് നിരോധനത്തിന്റെ അഞ്ചാണ്ട് പിന്നിടുന്നു. 2016 നവംബര്‍ 8നു രാത്രി 8 മണിക്കാണ് വന്‍പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

500, 1000 എന്നീ കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ചു. പിറ്റേന്ന് മുതല്‍ ജനം ബാങ്കുകളിലേക്കോടി. 1000, 500 നോട്ടുകള്‍ മാറ്റാന്‍ സാധാരണക്കാര്‍ പാടുപെട്ടു. മണിക്കൂറുകള്‍ കാത്തുനിന്ന് വെയിലേറ്റ് മരിച്ചു വീണവര്‍ നിരവധി. രാജ്യത്തെ തെരുവുകളിലെങ്ങും നിലവിളികള്‍ മുഴങ്ങി. അരി വാങ്ങാന്‍ പോലും പണമില്ലാതെ ജനം അലയുന്ന കാഴ്ച.

കള്ളപ്പണം ഇല്ലാതാക്കുക, സാമ്പത്തിക മേഖലയെ ശുദ്ധീകരിക്കുക, ഡിജിറ്റല്‍ പണമിടപാടിലേക്കു പൂര്‍ണമായി മാറുക എന്നീ വാഗ്ദാനങ്ങളായിരുന്നു മോദി ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. ഇതെല്ലാം വെള്ളത്തില്‍ വരച്ച വരയായി. വിപണിയില്‍ നിന്ന് 85% പണവും ഒറ്റയടിക്കു നഷ്ടപ്പെട്ടത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു.

അസംഘടിത മേഖലയുടെ നട്ടെല്ലൊടിഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ നോട്ട് നിരോധനം മന്ദീഭവിപ്പിച്ചു. ചെറുകിട കച്ചവടക്കാര്‍, കര്‍ഷകര്‍, ദിവസവേതനക്കാര്‍ തുടങ്ങിയവരുടെ ദുരിതത്തിന് അറുതിയില്ലാതായി. അഞ്ചു വര്‍ഷത്തിനു ശേഷവും ആ ദുരിതത്തില്‍ നിന്ന് രാജ്യം കരകയറിയിട്ടില്ല. ക്രൂര മായ ഈ നടപടിയിലൂടെ സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും സംരംഭകരെയും നിലയില്ലാക്കയത്തിലേക്ക് തള്ളിവിടുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.

അതിസമ്പന്നരുടെ നോട്ടുകള്‍ അതിവേഗം മാറ്റിക്കൊടുക്കാന്‍ പല ബാങ്കുകളും തിടുക്കം കൂട്ടി. 30 ശതമാനം ചാര്‍ജ് ഈടാക്കിയായിരുന്നു ഇത്. മറ്റൊരു തരത്തിലുള്ള കള്ളപ്പണ സാധ്യതയാണ് ഇതുവഴി തുറന്നത്. 2000 രൂപയുടെ നോട്ട് പുറത്തിറക്കിയതോടെ കള്ളപ്പണവും വ്യാജനോട്ടുകളും വീണ്ടും ശക്തമായി. 2017 ഓഗസ്റ്റില്‍, അച്ചടിച്ചതിന്റെ 99 ശതമാനത്തിലേറെ 500,1000 നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ പുറത്തുവിട്ടു. ആര്‍.ബി.ഐ ഇറക്കിയ 15.41 ലക്ഷം കോടിയുടെ മൂല്യമുള്ള 1000, 500 നോട്ടുകളില്‍ 15.31 ലക്ഷം കോടിയും തിരിച്ച് ബാങ്കുകളിലെത്തി. ഇതോടെ കള്ളപ്പണമെവിടെയെന്ന ചോദ്യമുയര്‍ന്നു.

ഭീകര പ്രവര്‍ത്തനം തടയുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. ഇതും നടപ്പായില്ല. മാത്രമല്ല 2000 രൂപയുടെ കറന്‍സികള്‍ പുറത്തിറക്കിയതിനു പിന്നാലെ ഇവയുടെ വ്യാജനും വന്നു. 2019ലേതിനേക്കാള്‍ വ്യാജ നോട്ട് കേസുകള്‍ 2020ല്‍ 190.5 ശതമാനം വര്‍ധിച്ചതായി നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. 2016 ല്‍ 6.32 ലക്ഷം കോടിയുടെ വ്യാജനോട്ടുകളാണ് രാജ്യത്ത് പിടിച്ചത്. തുടര്‍ന്നുള്ള 4 വര്‍ഷങ്ങളില്‍ 18.87 ലക്ഷം കോടിയുടെ വ്യാജനോട്ട് പിടിച്ചെടുത്തു. കള്ളപ്പണം ഇല്ലാതാക്കല്‍ മാത്രമായിരുന്നില്ല നോട്ടു നിരോധനത്തിനു പിന്നിലുള്ള ലക്ഷ്യമെന്ന് പിന്നീട് തെളിഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നിയന്ത്രണമില്ലാതെ പണമൊഴുക്കി. പ്രചാരണങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയിലായിരുന്നു മറ്റു പാര്‍ട്ടികള്‍. എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനും ബി.ജെ.പി കോടികളാണ് വാരിയെറിഞ്ഞത്.

 

web desk 3: