X

‘മീശ’ നോവല്‍ പുസ്തകമായി നാളെ ഇറങ്ങും

സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിച്ച എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പുസ്തകരൂപത്തില്‍ നാളെ പുറത്തിറങ്ങും. നേരത്തെ മീശ പുസ്തകമാക്കി പുറത്തിറക്കുമെന്ന് എസ്. ഹരീഷ് കോട്ടയത്ത് നടന്ന പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നുവെന്ന് ബുക്സ് അറിയിക്കുകയായിരുന്നു.
പ്രശസ്ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് പുസ്തകത്തിന്റെ കവര്‍ ചിത്രം തയ്യാറാക്കിയത്.

‘മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡി.സി ബുക്‌സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ‘. ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നുയെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അതേസമയം ‘മീശ’ പുസ്തകമാക്കുമെന്ന വിവരം പുറത്തുവന്നതോടെ പ്രസാധകര്‍ക്കു നേരെയും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണിയെത്തുടര്‍ന്ന് പ്രസാധകന്‍ രവി ഡി.സി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്‍കിട്ടുണ്ട്.

അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ മീശ എന്ന നോവലില്‍ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്. നോവലിന്റെ രണ്ടാമധ്യായത്തിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന ഒരു സംഭാഷണത്തിലെ പരാമര്‍ശത്തിനെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്. കഥാകൃത്ത് ഹരീഷും കുടുംബവും സംഘപരിവാറിന്റെ കടുത്ത സൈബര്‍ ആക്രമാണ് നേരിട്ടത്.

സോഷ്യല്‍ മീഡിയയില്‍ ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു പ്രതിഷേധക്കാരുടെ തെറിവിളിയും സൈബര്‍ ആക്രമണവും. നോവല്‍ പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്ക് നേരെ ഭീഷണി ഇയര്‍ന്നിരുന്നു. ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് നോവല്‍ പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു.

chandrika: