X

ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞക്ക് മോദിയെ ക്ഷണിക്കുമെന്ന് പി.ടി.ഐ: ക്ഷണം ലഭിച്ചതിനു ശേഷം പ്രതികരിക്കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ഇസ്ലാമാബാദ്: പാകിസ്താനിന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാന്‍ തെഹ്രീക് ഇ- ഇന്‍സാഫ് (പി.ടി.ഐ) നേതാക്കള്‍ അറിയിച്ചു. സാര്‍ക്ക് രാജ്യങ്ങളിലെ ഭരണത്തലവന്‍മാരെ ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിന് പങ്കെടുപ്പിക്കാനാണ്‌യുടെ പിടിഐ ശ്രമം. ഇതിന്റെ ഭാഗമായാണ് മോദിയ്ക്ക് ക്ഷണം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 11 നാണ് പാകിസ്താനില്‍ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്.

അതേസമയം ചടങ്ങിന് പ്രധാനമന്ത്രി മോദി പങ്കെടുക്കുമോയെന്ന വിഷയത്തില്‍ പാകിസ്താനില്‍ നിന്നും ഔദ്യോഗിക ക്ഷണം  ലഭിച്ചതിനു ശേഷം മാത്രം പ്രതികരിച്ചാല്‍ മതിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ക്ഷണം ലഭിക്കുന്നതിന് മുമ്പ് പ്രതികരിച്ച് അനാവശ്യ വിവാദത്തില്‍ അകപ്പെടാത്തിരിക്കാന്‍ വേണ്ടിയാണ് ഇതെന്നും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നേരത്തെ 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാര്‍ക്ക് രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ക്കൊപ്പം അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫും ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയം നേടിയ ഇമ്രാന്‍ ഖാനെ നരേന്ദ്രമോദി ഫോണ്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കാന്‍ ഇമ്രാന്‍ഖാന്റെ ഭരണത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. പാകിസ്ഥാനില്‍ ജനാധിപത്യം പുലരുന്നതിനും തെക്കനേഷ്യയില്‍ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും ഇന്ത്യയ്ക്കുള്ള താത്പര്യം അദ്ദേഹം നിയുക്ത പാക് പ്രധാനമന്ത്രിയെ അറിയിച്ചു.

സമൃദ്ധവും വികസനോന്മുഖവും സമാധാനപ്രിയവുമായ അയല്‍ക്കാരനെയാണ് ഇന്ത്യ പാകിസ്ഥാനില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയവും നേരത്തെ ഇമ്രാന്‍ഖാനെ അഭിനന്ദിച്ച് ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാരുണ്ടാക്കുന്നതിനുള്ള കേവല ഭൂരിപക്ഷത്തിനായി സ്വതന്ത്രന്‍മാരുടെയും മറ്റു ഇതര പാര്‍ട്ടികളുടെയും പിന്തുണ ഉറപ്പാക്കി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇമ്രാന്‍ ഖാന്റ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ പി.ടി.ഐയുടെ ശ്രമം.

chandrika: