X

ആര്‍.ബി.ഐയുടെ ധനം പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍്ക്കാര്‍ നീക്കം: പി ചിദംബരം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പുകമറ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

നാളെ (നവംബര്‍ 19ന്‌) നടക്കുന്ന ആര്‍.ബി.ഐ ഡയറക്ടര്‍മാരുടെ യോഗം ഇന്ത്യന്‍ സമ്പദ്ഘടനയുടേയും ആര്‍.ബി.ഐയുടെ പരമാധികാരത്തിന്റെയും അന്ത്യദിനമായിരിക്കുമെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ആര്‍.ബി.ഐ ബോര്‍ഡില്‍ കേന്ദ്രത്തിന് താല്‍പര്യമുള്ള വ്യക്തികളെ തിരുകിക്കയറ്റിയിരിക്കുകയാണെന്നും ബോര്‍ഡ് യോഗം എന്തു വിലകൊടുത്തും തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ചിദംബരം പറഞ്ഞു. ‘ലോകത്തെവിടെയും കേന്ദ്ര ബാങ്ക് ബോര്‍ഡ് നിയന്ത്രിത കമ്പനിയല്ല. സ്വകാര്യ ബിസിനസുകാര്‍ ആര്‍.ബി.ഐ ഗവര്‍ണറെ നിയന്ത്രിക്കുക എന്ന് പറയുന്നത് ബുദ്ധിക്ക് നിരക്കാത്ത ആശയമാണ്’- ചിദംബരം തന്റെ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ തള്ളിക്കളയുകയാണെങ്കില്‍ ആര്‍.ബി.ഐക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കാന്‍ അധികാരം നല്‍കുന്ന ആര്‍.ബി.ഐ ആക്ടിന്റെ സെക്ഷന്‍ 7 കേന്ദ്രം നടപ്പില്‍ വരുത്തുമെന്ന് മുമ്പ് ചിദംബരം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍.ബി.ഐയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്ര ഇടപെടലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ അമര്‍ഷം പരസ്യമാക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള പോരുകള്‍ക്കിടെ ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

chandrika: