X

യാത്രക്കാരുടെ എണ്ണം; കൊച്ചി മെട്രോയുടെ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍

കൊച്ചി മെട്രോയില്‍ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടന്നെന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ അവകാശവാദം തെറ്റെന്ന് വിവരാവകാശ രേഖകള്‍. 2022 ജൂലൈ മുതല്‍ 2023 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 76,653 പേര്‍ മാത്രമാണ് മെട്രോയില്‍ സഞ്ചരിക്കുന്നതെന്ന് കെഎംആര്‍എലില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയില്‍ വ്യക്തം.

ഏഴു മാസത്തിനിടെ ഡിസംബറില്‍ മാത്രമാണ് പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 80,000 കടന്നത്. 24.83 ലക്ഷം പേരാണ് ഡിസംബറില്‍ മെട്രോയില്‍ യാത്ര ചെയ്തത്. 2023 ജനുവരിയില്‍ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 80,000 കടന്നെന്ന് കൊച്ചി മെട്രോ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജനുവരി മാസത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 79,130 മാത്രമാണെന്ന് വിവരാവകാശ രേഖകളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നു. 24.53 ലക്ഷം പേരാണ് ജനുവരിയില്‍ യാത്ര ചെയ്തത്. ജനുവരി 26ന് റിപബ്ലിക് ദിനത്തില്‍ ടിക്കറ്റ് നിരക്ക് പരമാവധി 30 രൂപയാക്കി ഇളവ് പ്രഖ്യാപിച്ചെങ്കിലും ആകെ 77,400 പേരാണ് പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊച്ചി മെട്രോയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗം കുറയുകയാണെന്ന വസ്തുതയും വിവരാവകാശ രേഖകളിലൂടെ പുറത്തുവരുന്നു.
നിലവില്‍ 18.61 ശതമാനം പേര്‍ മാത്രമാണ് സ്മാര്‍ഡ് കാര്‍ഡ് ഉപയോഗിക്കുന്നത്. നേരത്തേ ഇത് 25 ശതമാനമായിരുന്നു. 24 ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്ത ജനുവരിയില്‍ 12,341 യാത്രക്കാര്‍ മാത്രമാണ് മെട്രോ ടിക്കറ്റ് എടുക്കാന്‍ മൊബൈല്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ചത്. ഇത്തരം ഡിജിറ്റല്‍ ടിക്കറ്റുകള്‍ക്ക് 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുമ്പോഴും യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎംആര്‍എലിന് കഴിയുന്നില്ല. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ക്കും കാര്യമായ പ്രതികരണമില്ല.

ജനുവരി മാസത്തില്‍ 758 വിദ്യാര്‍ഥികള്‍ മാത്രമാണ് അണ്‍ലിമിറ്റഡ് യാത്രയ്ക്കുള്ള പ്രതിമാസ പാസ് തിരഞ്ഞെടുത്തത്. 900 രൂപയാണ് പ്രതിമാസ പാസിന്റെ നിരക്ക്. അണ്‍ലിമിറ്റഡ് യാത്രയാണ് വാദ്ഗാനം. 50 രൂപയാണ് പ്രതിദിന പാസിന് ഈടാക്കുന്നത്. സ്‌കൂളില്‍ പോവുന്ന കുട്ടികള്‍ക്ക് അണ്‍ലിമിറ്റഡ് യാത്ര വാഗ്ദാനം എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. നിരക്ക് കാര്യമായി കുറച്ചാല്‍ കൂടുതല്‍ വിദ്യാര്‍ഥികളെ മെട്രോയിലേക്ക് ആകര്‍ഷിക്കാമെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. 3200 രൂപ വിലവരുന്ന 45 ദിവസത്തെ പാസ് വെറും അഞ്ച് യാത്രക്കാര്‍ മാത്രമാണ് തിരഞ്ഞെടുത്തത്. പ്രതിമാസ മാസ പാസ്-48 എണ്ണം, പ്രതിവാര പാസ്-69 എന്നിങ്ങനെയാണ് ജനുവരിയില്‍ വില്‍പന നടത്തിയ മറ്റു പാസുകളുടെ കണക്ക്.

 

webdesk11: