X
    Categories: More

രാജഗോപാലിന്റെ നിസംഗതയില്‍ ബി.ജെ.പിയില്‍ അതൃപ്തി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പി അംഗം ഒ.രാജഗോപാലിന് കഴിയാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി. ഭരണപക്ഷത്ത് നിന്നും യു.ഡി.എഫില്‍ നിന്നും ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അദ്ദേഹം മൗനം പാലിക്കുകയാണെന്നാണ് ഉന്നതനേതാക്കളുടെയെല്ലാം പരാതി. കഴിഞ്ഞ ദിവസം റബര്‍പ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിനിടെ മന്ത്രി വി.എസ് സുനില്‍കുമാറും പ്രതിപക്ഷനേതാവും കേന്ദ്രത്തെയും പ്രധാനമന്ത്രിയേയും ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതെല്ലാം നിശബ്ദനായി കേട്ടിരുന്നതല്ലാതെ രാജഗോപാല്‍ പ്രതികരിക്കാത്തതാണ് വിവാദമായത്. കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ഇത്തരം വിമര്‍ശനം ഉയരുമ്പോള്‍ അദ്ദേഹം നിസംഗനായിരിക്കുകയാണ് പതിവ്.

കണ്ണൂര്‍ അക്രമരാഷ്ട്രീയങ്ങളില്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആഞ്ഞടിച്ചിട്ടും രാജഗോപാലിന്റെ പ്രതികരണം ദുര്‍ബലമായിരുന്നു. അടിയന്തരപ്രമേയ നോട്ടീസിനെ രാജഗോപാലിന് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കുകയും ചെയ്തു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും സാക്ഷി നിര്‍ത്തി തന്റെ ന്യായീകരണം മുന്നോട്ടുവെക്കാന്‍ കിട്ടിയ അവസരം അദ്ദേഹം വേണ്ടെന്ന് വെച്ചു.
കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിയെങ്കിലും അദ്ദേഹം പ്രതിഷേധപ്രകടനത്തിന് തയാറായില്ല. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹം സംസാരിച്ചത്. കണ്ണൂരില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് എല്ലാ കുറ്റവും ആര്‍.എസ്.എസിന്റെ തലയില്‍ ചുമത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 
രാജ്യത്തൊട്ടാകെ ആര്‍.എസ്.എസിന് സ്വാധീനമുള്ള സ്ഥലങ്ങളുണ്ട്. അവിടെയൊന്നും ആര്‍.എസ്.എസ് ആരേയും ആക്രമിക്കുന്നില്ല. സി.പി.എം ശക്തികേന്ദ്രമായി കണ്ണൂരില്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ സല്‍പ്പേരിനെ ബാധിക്കുകയാണ്. സംസ്ഥാനത്ത് സി.പി.എം അധികാരത്തില്‍ വരുമ്പോഴാണ് രാഷ്ട്രീയസംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത്. എല്ലാ പാര്‍ട്ടിയില്‍ പെട്ടവരും സി.പി.എമ്മിന്റെ അക്രമത്തിന് ഇരയാകുന്നുണ്ട്. അക്രമത്തില്‍ നിന്നും പിന്തിരിയണമെന്നും രാഷ്ട്രീയഎതിരാളികളെ കൊല്ലരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ വികാരം പ്രായോഗികമാക്കുകയാണ് വേണ്ടത്. മുമ്പ് കണ്ണൂരില്‍ അക്രമം ഉണ്ടായപ്പോള്‍ ഉണ്ടായപ്പോള്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഇ.എം.എസും, പി.പരമേശ്വരനും ഠേംഗ്‌ഡേയും,താനുമുള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച ധാരണ കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

chandrika: