X

ഓഖി ദുരിതം; മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനം. അദ്ദേഹം തിരുവന്തപുരത്ത് ഒരു മണിക്കൂര്‍ മാത്രമേ തങ്ങൂ എന്നാണ് പുതിയ വിവരം. രാജ്ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണും. ഇവിടെ വെച്ചുതന്നെ മല്‍സ്യതൊഴിലാളി കുടുംബങ്ങളെ സന്ദര്‍ശിച്ച് മടങ്ങുമെന്നാണ് സൂചന.
തിരുവനന്തപുരത്തിനു പുറമെ ലക്ഷദ്വീപും കന്യാകുമാരിയും അദ്ദേഹം സന്ദര്‍ശിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. പ്രധാനമന്ത്രി കേരളത്തിലെത്തണമെന്നും ഓഖി ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍ സഭയടക്കം വിവിധ സംഘടനകള്‍ ആദ്യം മുതല്‍ക്കേ ആവശ്യപ്പെട്ടിരുന്നു. ഇതിനൊടുവിലാണ് ഇന്ന് രാത്രി പന്ത്രണ്ടോടെ കൊച്ചിയിലെത്താനും ചൊവ്വാഴ്ച തിരുവനന്തപുരത്തെ ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനും തീരുമാനിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും എത്തുന്നത്. സംസ്ഥാനത്തെത്തിയ രാഹുല്‍ ഗാന്ധി പൂന്തുറ, വിഴിഞ്ഞം തീരങ്ങളിലെത്തി ദുരിതബാധിതരെ കണ്ടിരുന്നു. ഇവിടങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് രാഹുലിനെ സ്വീകരിക്കാനും ആവലാതികള്‍ അറിയിക്കാനും എത്തിയത്. തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ ഓഖി ദുരിതബാധിതരെയും രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിന് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുമതി സംബന്ധിച്ച വിവരം ഇതുവരെ ലഭിച്ചിട്ടില്ല.
ഇതിനിടെ മുഖ്യമന്ത്രി ഇന്നലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തു. ഓഖി നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെയായിരുന്നു യോഗം. നഷ്ടപരിഹാരം വകമാറ്റാതെ 222 ഫിഷറീസ് വില്ലേജുകളില്‍ മാത്രം വിനിയോഗിക്കണമെന്ന് മത്സ്യത്തൊഴിലാളി സംഘടനകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മത്സ്യബന്ധന ഉപകരണങ്ങളും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായി നഷ്ടപരിഹാരം അനുവദിക്കണം. എല്ലാ വള്ളങ്ങളിലും ആശയവിനിമയത്തിന് വയര്‍ലെസ് സെറ്റ് നല്‍കണം. കടല്‍ദുരന്തങ്ങളിലെ അടിയന്തര ഇടപെടലുകള്‍ക്ക് മറൈന്‍ ആംബുലന്‍സുകള്‍ വ്യാപകമാക്കണം. ദുരന്തത്തില്‍ അംഗവൈകല്യം സംഭവിച്ചര്‍ക്ക് 10 ലക്ഷം രൂപയും ഭാഗികമായി അംഗവൈകല്യമുള്ളവര്‍ക്ക് അഞ്ച് ലക്ഷവും നഷ്ടപരിഹാരമായി നല്‍കണമെന്നും പ്രതിനിധി കള്‍ ആവശ്യപ്പെട്ടു.
മരണപ്പെട്ടവരുടെയും കാണാതായവരുടെയും വിധവകള്‍ക്കും ആശ്രിതര്‍ക്കും പെന്‍ഷന്‍ അനുവദിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂര്‍ ജില്ലകളിലെ കടലോര വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നും മത്സ്യത്തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

chandrika: