X

ഗുജറാത്തില്‍ 92 മാന്ത്രിക സംഖ്യ; പ്രതീക്ഷയോടെ കോണ്‍ഗ്രസ്‌

അഹമ്മദാബാദ്: 182 അംഗ ഗുജറാത്ത് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 അംഗങ്ങളുടെ പിന്‍ബലം. 2012നെ അപേക്ഷിച്ച് മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെങ്കിലും 92 എന്ന മാന്ത്രിക സംഖ്യയില്‍ എത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലമായിരുന്നെങ്കിലും ഇത് അസ്ഥാനത്താക്കിയാണ് കോണ്‍ഗ്രസ് വലിയ മുന്നേറ്റം കാഴ്ച വെച്ചതും രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതും. അത് കോണ്‍ഗ്രസ് വൃത്തങ്ങളി ല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

എന്നാല്‍ 2009നു മുമ്പും പിമ്പുമുള്ള തെരഞ്ഞെടുപ്പുകളില്‍ എക്‌സിറ്റ് പോളുകള്‍ കുറേയൊക്കെ യഥാര്‍ത്ഥ ഫലങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നുവെന്നത് കാണാതിരുന്നു കൂട. 2012ലെ തെരഞ്ഞെടുപ്പില്‍ 116 സീറ്റിലാണ് ബി.ജെ. പി വിജയിച്ചത്. കോണ്‍ഗ്രസ് 60 സീറ്റിലും. 1995 മുതല്‍ സംസ്ഥാനത്ത് ബി.ജെ.പി ഭരണമാണ്. എന്നാല്‍ 22 വര്‍ഷത്തെ ഭരണത്തിനിടെ നടന്ന ഓരോ തെരഞ്ഞെടുപ്പിലും ബി.ജെ. പിയുടെ വോട്ടു വിഹിതവും സീറ്റുകളും ക്രമാനുഗതമായി കുറഞ്ഞുവരുന്ന (ഒരുതവണ ഒഴികെ) പ്രവണതയുണ്ട്. ഇതോടൊപ്പം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പ്രചാരണ രംഗത്ത് ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് കോ ണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

chandrika: