X

രാഹുല്‍ ഗാന്ധിക്കൊപ്പം കര്‍ഷക റാലിയില്‍ പങ്കെടുക്കരുതെന്ന് മജിസ്ട്രറ്റ് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കര്‍ഷകന്റെ കുടുംബം

മന്‍സോര്‍: മധ്യപ്രദേശിലെ മന്‍സോറില്‍ കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ  വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. മന്‍സോറില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച കര്‍ഷകന്‍ അഭിഷേക് പാടിദാറിന്റെ അമ്മ മമതാ പാടിദാറാണ് മജിസ്ട്രറ്റ് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്.

മന്‍സോറില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ ആറ് കര്‍ഷകരെ പൊലീസ് വെടിവെച്ചുകൊന്നതിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് രാഹുല്‍ഗാന്ധി കര്‍ഷക റാലിയില്‍ പങ്കെടുത്തത്. മരിച്ച കര്‍ഷകരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി റാലിയില്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ പൊലീസ് വെടിവെപ്പില്‍ മരിച്ച അഭിഷേക് പാടിദാറിന്റെ മക്കളെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നിട്ട് പരിപാടിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെതിരെ അഭിഷേകിന്റെ അമ്മ മമതാ പാടിദാര്‍ പരാതിപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് ഭീഷണിയുണ്ടെന്നും മമതാ പാടിദാര്‍ പരാതിയില്‍ പറയുന്നുട്ട്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഞങ്ങള്‍ ആരെ കാണാന്‍ പോകുന്നതായാലും അത് തടയാന്‍ അവകാശമില്ല. അദ്ദേഹം എന്തിന് ഞങ്ങളെ ഭീഷണിപ്പെടുത്തണം, ഇതിനെക്കാള്‍ മോശമായി ഒന്നും ഇനി അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാനില്ല. ഞങ്ങള്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല’ മമതാ പാടിദാര്‍ പറഞ്ഞു. അഭിഷേകിന്റെ സഹോദരന് സ്‌റ്റേറ്റ് ഗവണ്‍മെന്റ് നഷ്ടപരിഹാരമായി ജോലി നല്‍കിയിരുന്നു. ഞങ്ങളുടെ മകന് മുഖ്യമന്ത്രി ജോലി നല്‍കിയതില്‍ ഞങ്ങള്‍ ഭയപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയാല്‍ മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞു. മരിച്ച കര്‍ഷകരുടെ ഒന്നാം വര്‍ഷികദിനത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മരിച്ച കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ രാഹുലിനൊപ്പം വേദി പങ്കിട്ടിരുന്നു.

കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് നീതി ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ഛൗഹാനെയും പ്രസംഗത്തില്‍ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

chandrika: