X
    Categories: keralaNews

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ആര്‍എസ്എസ് അജണ്ടയെന്ന് തെളിയുന്നു; ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥന

കോഴിക്കോട്: 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പതിനായിരം രൂപ പെന്‍ഷന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് തുടങ്ങിയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്ത അജണ്ടയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിയെന്ന് തെളിയുന്നു. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് ഒരു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

60 കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയരേ,
കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത് വരികയാണല്ലോ ?
OIOPയുടെ സംസ്ഥാന കമ്മിറ്റിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ. സുരേന്ദ്രന്‍ ജി നല്‍കിയ ഉറപ്പ് പ്രകാരം നമ്മുടെ പ്രധാന ആവശ്യമായ 10000 രൂപ പെന്‍ഷന്‍ എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പരിഗണിക്കും എന്നാണ് മനസ്സിലാവുന്നത്.
60 വയസ്സ് പൂര്‍ത്തിയാവുന്ന എല്ലാവര്‍ക്കും 10000 രൂപ പെന്‍ഷന്‍ എന്ന നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ പോവുകയാണ് എന്നാണ് സുരേന്ദ്രന്‍ ജി നല്‍കിയ ഉറപ്പിലൂടെ വ്യക്തമാവുന്നത്.
അതുകൊണ്ട് തന്നെ ഈ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ OIOP പ്രവര്‍ത്തകര്‍ നിങ്ങളുടെ നാട്ടിലെ BJP സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നമ്മളെ സഹായിക്കുന്നവരെ നമ്മളും തിരിച്ചു സഹായിക്കാം.

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ആസൂത്രണം ചെയ്തതാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന സംഘടന. കക്ഷി രാഷ്ട്രീയ ഭേദമന്യെ നിരവധി യുവാക്കളാണ് ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇത് സംഘപരിവാര്‍ അജണ്ടയാണെന്ന റിപ്പോര്‍ട്ടുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. ഇത് പൂര്‍ണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ ഇവരുടെ എഫ്ബി പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ പോസ്റ്റ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: