X
    Categories: Newsworld

ഒമിക്രോണ്‍ പിടിമുറുക്കുന്നു;ഭീതിയില്‍ ലോകരാജ്യങ്ങള്‍

പാരിസ്: ഒമിക്രോണ്‍ വകഭേദത്തിന്റെ കടന്നുവരവോടെ ലോകമെങ്ങും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രമുഖ രാജ്യങ്ങളെല്ലാം ആശങ്കയില്‍. ഫ്രാന്‍സില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ എത്തിയേക്കുമെന്ന് ആരോഗ്യ മന്ത്രി ഒളിവിയര്‍ വെരന്‍ മുന്നറിയിപ്പ് നല്‍കി. ജനുവരി ആദ്യത്തോടെ തന്നെ രാജ്യം ഒമിക്രോണിന്റെ പിടിയിലാകുമെന്ന് ഫ്രാന്‍സിന് ആശങ്കയുണ്ട്. ക്വാറന്റീന്‍ ഫ്രീ യാത്രാ സ്‌കീം പ്രകാരമുള്ള വിമാന, ബസ് ടിക്കറ്റ് വില്‍പനകള്‍ മരവിപ്പിക്കുമെന്ന് സിംഗപ്പൂര്‍ അറിയിച്ചു.

ക്രിസ്മസ് കാലത്ത് ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജ്യം ആശങ്കയിലാണ്. ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതോടൊപ്പം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയന്‍ ഭരണകൂടം സൂചന നല്‍കി. തുര്‍ക്കിയില്‍ തദ്ദേശീയമായി നിര്‍മിച്ച ടര്‍കോവാകിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. ഈ വര്‍ഷമാണ് തുര്‍ക്കി വാക്‌സിന്‍ ഗവേഷണം ആരംഭിച്ചത്. ലോകവ്യാപകമായി ടര്‍കോവാക് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അറിയിച്ചിട്ടുണ്ട്. ചൈനയിലെ ഷിയാന്‍ നഗരത്തില്‍ ശക്തമായ ലോക്ക്ഡൗണ്‍ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ വിന്റര്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാനിരിക്കെ ഒമിക്രോണിന്റെ കടവന്നുവരവ് ചൈനയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പോളണ്ടില്‍ കോവിഡ് മരണങ്ങള്‍ ഉയരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 775 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാമാരി പടര്‍ന്നുതുടങ്ങിയ ശേഷം ഇത്രയേറെ പേര്‍ മരിക്കുന്നത് ആദ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ അറുപത് വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാലാം ഡോസ് നല്‍കുമെന്ന് ഇസ്രാഈല്‍ പ്രഖ്യാപിച്ചു. ഇന്നലെ ബ്രിട്ടനില്‍ 14 പേര്‍ മരിക്കുകയും 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

യൂറോപ്പും യു.എസും ഭീതിയില്‍

വാഷിങ്ടണ്‍: ഒമിക്രോണ്‍ വകഭേദം കൊടുങ്കാറ്റായി പടര്‍ന്നേക്കുമെന്ന ആശങ്കയില്‍ അമേരിക്കയും യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളും പുതിയ നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. കോവിഡിന്റെ പുതിയ വകഭേദത്തെ നേരിടാന്‍ വാക്‌സിനെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ മുഴുവന്‍ ആളുകളോടും അഭ്യര്‍ത്ഥിച്ചു. അമേരിക്കയില്‍ കോവിഡ് ടെസ്റ്റുകള്‍ ഊര്‍ജിതമാക്കി. സൈനിക ഡോക്ടര്‍മാരെക്കൂടി കര്‍മരംഗത്തിറക്കി ആശുപത്രികളെ കൂടുതല്‍ ബലപ്പെടുത്താന്‍ ബൈഡന്‍ ഭരണകൂടം ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്.

ജപ്പാനിലെ യു.എസ് സൈനിക ക്യാമ്പില്‍ രോഗബാധിതരുടെ എണ്ണം 180 ആയിട്ടുണ്ട്. ജര്‍മനി, സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം പൂര്‍ണ, ഭാഗിക ലോക്ക്ഡൗണ്ടുകളിലേക്ക് നീങ്ങുകയാണ്. പോര്‍ച്ചുഗലില്‍ ബാറുകളും നിശാക്ലബ്ബുകളും രാത്രി അടയ്ക്കാന്‍ ഉത്തരവുണ്ട്. ശനിയാഴ്ച മുതല്‍ രണ്ടാഴ്ച വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

ജര്‍മനിയില്‍ ആഘോഷ പരിപാടികളുടെ ഭാഗമായുള്ള സ്വകാര്യ ഒത്തുചേരലുകള്‍ പരമാവധി കുറയ്ക്കണമെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് നിര്‍ദേശിച്ചു. ബ്രിട്ടനില്‍ ക്രിസ്മസിന് മുമ്പ് പുതിയ വിലക്കുകള്‍ കൊണ്ടുവരില്ലെങ്കിലും സ്ഥിതിഗതികള്‍ പ്രയാസകരമായി മാറിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

 

web desk 3: