X
    Categories: MoreViews

ബി.ജെ.പി കേന്ദ്ര അധികാരവും പണവും ദുര്‍വിനിയോഗം ചെയ്യുന്നു

 

കോട്ടയം: മേഘാലയത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയത്തിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് പ്രചാരണ കേന്ദ്രങ്ങളിലെല്ലാം മേഘാലയ ജനത ഊഷ്മള വരവേല്‍പ്പാണ് നല്‍കുന്നത്. നാല് ദിവസത്തെ പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടിയെ പരമാവധി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുപ്പിക്കാനാണ് പ്രാദേശിക നേതാക്കളുടെ ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്നിട്ടും മേഘാലയത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അധികാരവും പണവും ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് പ്രചാരണ യോഗത്തില്‍ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
മേഘാലയത്തിലെ തെരഞ്ഞെടുപ്പ് വിജയം കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മേഘാലയത്തില്‍ നേടുന്ന വിജയം കോണ്‍ഗ്രസിന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കൂടുതല്‍ ഊര്‍ജം പകരും. മേഘാലയത്തില്‍ മാത്രമല്ല രാജ്യമൊട്ടാകെ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആശയങ്ങളെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഓരോ യോഗങ്ങളിലും അക്കമിട്ട് നിരത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്ക് വില കുത്തനെ താഴ്ന്നിട്ടും അതിന്റെ യാതൊരു പ്രയോജനവും സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ നേട്ടം മുഴുവന്‍ വന്‍കിട കമ്പനികള്‍ക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഷില്ലോംഗില്‍ ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താ സമ്മേളനത്തിനടക്കം തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം തന്നെ ഈ ദിവസങ്ങളില്‍ മേഘാലയത്തിലെത്തിയിട്ടുണ്ട്. വന്‍കിട സമ്മേളനങ്ങള്‍ക്ക് പകരം ചെറിയ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് നാല് ദിവസവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെ.സി. ജോസഫ് എം.എല്‍.എ, ആന്റോ ആന്റണി എം.പി., ജോസഫ് വഴയ്ക്കന്‍, ടോമി കല്ലാനി എന്നിവരും പ്രചാരണ രംഗത്തുണ്ട്.

chandrika: