X

കേരളത്തിലെ ജെ.ഡി.എസ് പെരുവഴിയില്‍

തിരുവനന്തപുരം: ജനതാദള്‍ സെക്യുലര്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമായതോടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാര്‍ അടക്കം പാര്‍ട്ടി ആശയക്കുഴപ്പത്തില്‍. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും മാത്യു.ടി തോമസുമാണ് ജെ.ഡി.എസിന്റെ പ്രതിനിധികളായി കേരള നിയമസഭയിലുള്ളത്. എച്ച്.ഡി കുമാരസ്വാമി ജെ.ഡി.എസിനെ ബി.ജെ.പി പാളയത്തിലെത്തിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ കേരളത്തില്‍ ഇടതുമുന്നണിയില്‍ തുടരുന്ന പാര്‍ട്ടിക്ക് അത് വലിയ തലവേദനയായി. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് നീക്കമെങ്കില്‍ കൃഷ്ണന്‍കുട്ടിയും മാത്യു.ടി തോമസും രാജിവെക്കണമെന്ന് പാര്‍ട്ടിയുടെ എട്ട് ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. മാത്രമല്ല, കേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളില്‍ ഇതുപോലൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു.

ജെ.ഡി.എസിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും രണ്ട് എം.എല്‍.എമാര്‍ മാറുകയാണെങ്കില്‍ വിപ്പ് പ്രശ്‌നം വരുന്നില്ല. അതേസമയം കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ക്ക് പുതിയ പാര്‍ട്ടി രൂപീകരിക്കാനാവില്ല. ആര്‍.ജെ.ഡിയില്‍ ലയിക്കണമെന്നാണ് മന്ത്രി കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടത്. എന്നാല്‍ എല്‍.ജെ. ഡി ആര്‍.ജെ.ഡിയുമായി ലയിച്ച സാഹചര്യത്തില്‍ ആ നീക്കം ഗുണകരമാവില്ലെന്നാണ് വിലയിരുത്തല്‍. നിതീഷ് കുമാര്‍ യാദവിന്റെ പാര്‍ട്ടിയുമായി ലയിക്കണമെന്നാണ് മുതിര്‍ന്ന നേതാവ് നീലലോഹിതദാസന്‍ നാടാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ അടിക്കിടെ നിലപാട് മാറ്റുന്ന നിതീഷിനോടൊപ്പം ചേരുന്നത് ആത്മഹത്യാപരമാണെന്നാണ് പാര്‍ട്ടി നിലപാട്. അഖിലേഷ് യാദവിന്റെ എസ്.പിയോടൊപ്പം പോകാനാണ് നിലവില്‍ ജെ.ഡി.എസ് കേരളഘടകം ആലോചിക്കുന്നതെന്നാണ് സൂചന.

ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കാന്‍ കേരളത്തിലെ നേതാക്കള്‍ തീരുമാനിച്ചാലും പ്രവര്‍ത്തകരില്‍ എത്രപേര്‍ ഒപ്പമുണ്ടാകുമെന്ന കാര്യത്തില്‍ നിശ്ചയമില്ല. അതുകൊണ്ടുതന്നെ ജെ.ഡി.എസ് കേരള ഘടത്തിന്റെ നീക്കം എന്തെന്ന് മനസിലാക്കിയ ശേഷം നിലപാട് വ്യക്തമാക്കാമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. പലയാവര്‍ത്തി പിളര്‍ന്ന പാര്‍ട്ടി സംസ്ഥാനത്ത് വളരെ ദുര്‍ബലമാണ്. കേരളത്തില്‍ എല്‍.ജെ.ഡിയുടെ ശക്തി പോലും ജെ.ഡി.എസിന് ഇല്ലെന്നാണ് പറയപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കൃഷ്ണന്‍കുട്ടിയും മാത്യു.ടി തോമസും സ്വീകരിക്കുന്ന നിലപാട് അനുസരിച്ചാകും പാര്‍ട്ടിയുടെ ഭാവി.

webdesk11: