X

പുകയില ഉല്‍പ്പന്നത്തിനു ശേഷം ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയും

നരയംകുളം (കോഴിക്കോട്): നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവള. നരയംകുളം ആര്‍പ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണു ചത്ത് ഉണങ്ങിയ തവളയെ കണ്ടത്. റേഷന്‍ കടയുടമയെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടുവണ്ണൂര്‍ സൗത്ത് റേഷന്‍ കടയില്‍നിന്നു വിതരണം ചെയ്ത കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിച്ച പുകയില ഉല്‍പന്നത്തിന്റെ പാക്കറ്റ് കിട്ടിയിരുന്നു.

അതേസമയം, കോഴിക്കോട് ശര്‍ക്കരയില്‍ തട്ടി സപ്ലൈകോ ഓണക്കിറ്റ് വിതരണം വൈകുന്നു. ശര്‍ക്കരയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നാണു നിര്‍ദേശം. ഓരോ ലോഡ് ശര്‍ക്കര വരുമ്പോഴും സാംപിള്‍ എടുത്തു ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയാണ്. അതിന്റെ ഫലം ലഭിച്ച ശേഷം മാത്രമാണ് കിറ്റുകളിലേക്ക് എടുക്കുന്നത്. ശര്‍ക്കരയില്ലെങ്കില്‍ മാത്രം പഞ്ചസാര ഉപയോഗിക്കാനാണു നിര്‍ദേശം. ഓണത്തിനു മുന്‍പു കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും അതു സാധ്യമല്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പല റേഷന്‍ കടകളിലും പിങ്ക് കാര്‍ഡുകാര്‍ക്കുള്ള വിതരണം നടക്കുകയാണ്.

നീല കാര്‍ഡുകള്‍ക്കുള്ള കിറ്റുകള്‍ ഇന്നത്തോടെ റേഷന്‍ കടകളില്‍ എത്തിക്കാന്‍ പറ്റുന്ന തരത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നു അധികൃതര്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല കടകളിലും റേഷന്‍ വിതരണത്തിനു ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ 2.5 ലക്ഷവും വെള്ള, നീല കാര്‍ഡുകള്‍ 4.01 ലക്ഷവുമാണ് ജില്ലയിലുള്ളത്. കോവിഡ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പെട്ടതിനാല്‍ വടകര താലൂക്കിലെ 11 ഔട്ട്‌ലെറ്റുകളില്‍ കിറ്റ് തയാറാക്കല്‍ പൂര്‍ത്തിയായിട്ടില്ല. അവിടെയും വിതരണം വൈകും.

chandrika: