X

ഒരു രൂപാനോട്ടിന് നൂറു വയസ്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിടാത്ത ഒരേയൊരു നോട്ടായ ഒരു രൂപാ നോട്ടിന് 100വയസ് തികയുന്നു. 1917 നവംബര്‍ 30നാണ് നോട്ട് ആദ്യമായി നിലവില്‍ വന്നത്. 1994ല്‍ ഒരുരൂപാ നോട്ടുകളുടെ അച്ചടി നിര്‍ത്തിയെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരം 2015ല്‍ അച്ചടി പുനരാരംഭിച്ചിരുന്നു.
ഒരുരൂപാ നാണയങ്ങളാണ് ആദ്യം പുറത്തിറക്കിയത്. എന്നാല്‍ ഒന്നാം ലോക മഹായുദ്ധകാലത്ത് വെള്ളിയുടെ മൂല്യം കൂടിയതോടെ ആളുകള്‍ നാണയം ഉരുക്കി തൂക്കി വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ അച്ചടിച്ചു തുടങ്ങിയത്.
ആദ്യകാലത്ത് ഇംഗ്ലണ്ടില്‍ നിന്നും ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെ അര്‍ദ്ധകായ ചിത്രം അച്ചടിച്ചാണ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ പേരില്‍ നോട്ടുകള്‍ ഇറങ്ങിയിരുന്നത്. 1931 ഏപ്രില്‍ അഞ്ചിനാണ് നോട്ടുകള്‍ അച്ചടിക്കാനുള്ള അധികാരം ഇന്ത്യന്‍ റിസര്‍വ് ബാങ്കിന് ലഭിച്ചത്. പിന്നീട് ഇംഗ്ലീഷിനു പുറമെ എട്ടു ഭാഷകളില്‍ നോട്ടില്‍ മൂല്യം രേഖപ്പെടുത്തി. 1949ല്‍ വീണ്ടും അച്ചടിച്ച നോട്ടില്‍ ധനകാര്യ സെക്രട്ടറിയായിരുന്ന കെ ആര്‍ കെ മേനോന്‍ ഒപ്പിട്ടിരുന്നു. മത്രമല്ല ജോര്‍ജ്ജ് ആറാമന്റെ തലക്കുപകരം പുതിയ നോട്ടില്‍ അശോക സ്തംഭം സ്ഥാനം പിടിച്ചു. 1957ല്‍ ചുവപ്പു നിറമുള്ള ഒരുരൂപാ നോട്ട് ഇറങ്ങി. 1969ല്‍ ഗാന്ധിജയന്തിയുടെ ഭാഗമായി നോട്ടില്‍ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നേരിട്ടിറക്കുന്ന നോട്ടില്‍ ഇതുവരെ 21 ധനകാര്യ സെക്രട്ടറിമാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

chandrika: