സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 15 പുറത്തിറക്കാനൊരുങ്ങുന്നു. ക്വല്‍കോമിന്റെ ഏറ്റവും പുതിയതും ശക്തവുമായ സ്നാപ്പ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസര്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ സ്മാര്‍ട്ടഫോണായി വണ്‍പ്ലസ് 15 മാറുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വണ്‍പ്ലസ് 13 സീരീസിനെ അനുസ്മരിക്കുന്ന രൂപകല്‍പ്പനയോടെയായിരിക്കും പുതിയ മോഡല്‍ എത്തുക. ഫോണില്‍ 50 എംപി. മെയിന്‍ ക്യാമറ, 50 എംപി ടെലിഫോട്ടോ ലെന്‍സ്, 50 എംപി അള്‍ട്രാവൈഡ് ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ മോഡലുകളിലെ വൃത്താകൃതിയിലുള്ള ക്യാമറ ഐലന്‍ഡിന് പകരം കുത്തനെ ക്രമീകരിച്ച മൂന്ന് ലെന്‍സുകളോടുള്ള പുതിയ ഡിസൈനായിരിക്കും. 6.82 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ, വളഞ്ഞ അരികുകള്‍, 1.15 മില്ലീമീറ്റര്‍ അള്‍ട്രാസ്ലീം ബെസലുകള്‍, 165 Hz റിഫ്രഷ് റേറ്റ്, 1.5k റെസല്യൂഷന്‍ എന്നിവയാണ് പ്രധാന സ്‌ക്രീന്‍ സവിശേഷതകള്‍. ഫോണിന് 7,300mAh ശേഷിയുള്ള വലിയ സിലിക്കണ്‍ കാര്‍ബണ്‍ ബാറ്ററിയും, 100w വയര്‍ഡ് ചാര്‍ജിംഗും 50w വയര്‍ലെസ് ചാര്‍ജിംഗും ലഭ്യമാകും. ഇന്ത്യയില്‍ വണ്‍പ്ലസ് 15 ഫൈവ്ജിയുടെ വില ഏകദേശം 70,000 രൂപ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.