X

മുഖ്യമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: ഉമ്മന്‍ചാണ്ടി

പെരിന്തല്‍മണ്ണ: സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് യോഗ്യരായവരാരും ബാക്കിയില്ലാത്തവിധം മന്ത്രി സഭ അധപതിച്ചതു കൊണ്ടാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് പി.കെ ഫിറോസ് അക്കമിട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.
മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് പെരിന്തല്‍മണ്ണയില്‍ നല്‍കിയ സ്വീകരണ മഹാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലയിലും കേന്ദ്ര സര്‍ക്കാറിന്റെ തനി പകര്‍പ്പായ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. നോട്ടു നിരോധനം പോലെ തലതിരിഞ്ഞ നയം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാറിനെ അനുസ്മരിപ്പിക്കുന്നതാണ് പ്രളയകാലത്ത് ഡാമുകള്‍ മുന്നൊരുക്കമില്ലാതെ തുറന്നു വിട്ട് ദുരന്തം വിതച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി.

ക്രൂഡോയില്‍ വിലതാഴ്ന്നപ്പോള്‍ എക്‌സൈസ് തീരുവ കൂട്ടി ജനങ്ങളെ കൊളള ചെയ്യുന്ന മോദി സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കി. വികസനവും പുരോഗതിയും നടപ്പാക്കാതെ പരാജയപ്പെട്ട അവര്‍ വര്‍ഗീയത ഇളക്കിവിട്ട് നേട്ടം കൊയ്യാമെന്നാണ് ധരിച്ചതെങ്കില്‍ തെറ്റി. ഇനിയും കബളിപ്പിക്കാനാവില്ലെന്ന് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കും. മോദിയുടെയും സംഘ്പരിവാറിന്റെയും ശൈലിയില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് പിണറായി വിജയന്റെ ശ്രമം. ഓഖിയിലും പ്രളയത്തിലും തുടങ്ങി എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും പരാജയപ്പെട്ട സര്‍ക്കാറാണിത്. മുമ്പ് സുനാമി ഉണ്ടായപ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ഒരാള്‍ പോലും കടലില്‍ മരിച്ചില്ല. ജനക്ഷേമത്തിലും വികസനത്തിലും ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്നവര്‍ യുവാക്കളുടെ ഭാവിയാണ് തകര്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എ.കെ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസ്സമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, സെക്രട്ടറിമാരായ അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹിമാന്‍ രണ്ടത്താണി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി,ആബിദ് ഹുസൈന്‍ തങ്ങള്‍, പി.അബ്ദുല്‍ഹമീദ്, പി.ഉബൈദുള്ള, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍, എസ്.ടി.യു ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുള്ള, കൊളത്തൂര്‍ മൗലവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, അന്‍വര്‍ മുള്ളമ്പാറ, കെ.ടി അഷ്‌റഫ്, ടി.പി അഷ്‌റഫലി, അഷ്‌റഫ് കോക്കൂര്‍, നൗഷാദ് മണ്ണിശ്ശേരി, ഇസ്മായില്‍ മൂത്തടം, നഹാസ് പാറക്കല്‍ പ്രസംഗിച്ചു.

chandrika: