X

അഗ്നിശുദ്ധിയില്‍ ഉമ്മന്‍ചാണ്ടിയും സംഘവും

ഫിര്‍ദൗസ് കായല്‍പുറം

2013 ഒക്‌ടോബര്‍ 27- കണ്ണൂരില്‍ എല്‍.ഡി.എഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് സി.പി.എം പ്രവര്‍ത്തകന്റെ കല്ലേറ്. നെറ്റിയില്‍ ആഴത്തിലുള്ള മുറിവേറ്റു. ഒരു മുഖ്യമന്ത്രിയെ കായികമായി പോലും ആക്രമിക്കാന്‍ ശ്രമിച്ച സംഭവം (പിടിയിലായ സി.പി.എം പ്രവര്‍ത്തകന് പിന്നീട് ഉമ്മന്‍ചാണ്ടി തന്നെ മാപ്പുനല്‍കിയത് ചരിത്രം).

2013 ആഗസ്റ്റ് 12, 13 ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെ തലസ്ഥാന നഗരം കൈപ്പിടിയിലാക്കി ഇടതുമുന്നണിയുടെ താണ്ഡവം. 2013 ഡിസംബര്‍ 10- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ക്ലിഫ് ഹൗസ് വളയല്‍. 2015 ഡിസംബര്‍ 10- പരാതിക്കാരിക്കൊപ്പമുള്ള സി.ഡി ഉണ്ടെന്ന ബിജുരാധാകൃഷ്ന്‍ പറഞ്ഞതനുസരിച്ച് സി.ഡി കണ്ടെടുക്കാന്‍ പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്. കൂടെ ലൈവ് ടെലികാസ്റ്റുമായി മാധ്യമപ്പടയും- ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തില്‍ ഏറ്റവും സംഘര്‍ഷഭരിതമായ നാളുകളാണ് സോളാര്‍ കേസും സോളാര്‍ നായികയുടെ പീഡനപരാതിയും സമ്മാനിച്ചത്.

ജനസമ്പര്‍ക്കപരിപാടിയിലൂടെയും വികസനപദ്ധതികളിലൂടെയും തിളങ്ങിനിന്ന യു.ഡി.എഫ് സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അധികാരത്തില്‍ നിന്നിറക്കാന്‍ സി.പി.എം ആയുധമാക്കിയ സോളാര്‍ പീഡന പരാതിയില്‍ കേരള പോലീസിനും ക്രൈംബ്രാഞ്ചിനും പിന്നാലെ സി.ബി.ഐ കൂടി കഴമ്പില്ലെന്ന് കണ്ടെത്തുമ്പോള്‍ ഇത് രാഷ്ട്രീയ കേരളത്തിന് എന്നും ഓര്‍ത്തുവെക്കാന്‍ ഒരു പാഠം. കേസില്‍ കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സി.പി.എം കൃത്യമായ ഇടവേളകളില്‍ സോളാര്‍ കേസിനെ ഉപയോഗപ്പെടുത്തിയത്. നിയമസഭക്ക് അകത്തും പുറത്തും ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പോലും ആക്ഷേപിച്ച് സംസാരിച്ചത് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളായിരുന്നു.

ഭരണത്തിലെത്തിയതോടെ സര്‍വശക്തിയും ഉപയോഗിച്ച് അന്വേഷിക്കുകയും നിരവധി പ്രാവശ്യം ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും അപമാനിക്കാന്‍ ആയുധമാക്കിയിരുന്നു സോളര്‍ പീഡന ആരോപണത്തെ. സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയതോടെ ഇത് നനഞ്ഞ പടക്കമായി മാറി. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോര്‍ട്ട് സി.ബി.ഐയും ആവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങള്‍ നേരിട്ട ഉമ്മന്‍ചാണ്ടിക്ക് വര്‍ഷങ്ങള്‍ക്കുശേഷം ആരോപണങ്ങളുടെ മറനീക്കി പുറത്തുവരാനായി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ എല്‍.ഡി.എഫിനു വീണുകിട്ടിയ ആയുധമായിരുന്നു സോളര്‍ കേസ്. പ്രതിയുടെ വെളിപ്പെടുത്തലുകളിലൂടെ കേസ് ഓരോ ദിവസവും സജീവമായി. മുഖ്യമന്ത്രിക്കും മന്ത്രിമാരും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും യു.ഡി.എഫ് നേതാക്കളുമെല്ലാം ആരോപണ വിധേയരായി. അന്വേഷണത്തിനായി ജസ്റ്റിസ് ജി.ശിവരാജന്‍ കമ്മിഷനെ നിയമിക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെയാണ് തീരുമാനിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ടിനെ ആയുധമാക്കി മുന്നോട്ടുപോകാമെന്നായിരുന്നു പിന്നീട് എല്‍.ഡി.എഫ് നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2017ലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു.

ഉമ്മന്‍ചാണ്ടിയും പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളും തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നായിരുന്നു ശിവരാജന്‍ കമ്മിഷന്റെ കണ്ടെത്തല്‍. ലൈംഗിക സംതൃപ്തി നേടുന്നത് അഴിമതി നിരോധന നിയമത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പെടുമെന്നും അതുപ്രകാരവും ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. 2013 ജൂലൈ 19ന് പരാതിക്കാരി എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അരിജിത് പസായം നിയമോപദേശം നല്‍കിയതോടെ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി തെളിവു ലഭിക്കുന്നവര്‍ക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതിക്കാരി മുഖ്യമന്ത്രിക്കു പരാതി നല്‍കിയെങ്കിലും കേസ് എടുക്കാന്‍ പൊലീസ് താല്‍പര്യമെടുത്തില്ല. ഒരു പരാതിയില്‍ ഒട്ടേറെ പേര്‍ക്കെതിരെ ബലാത്സംഗത്തിനു കേസ് എടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി രാജേഷ് ദിവാന്‍ ഉള്‍പെടെയുള്ളവരുടെ നിലപാട്. എന്നാല്‍ ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളാണെങ്കില്‍ കേസെടുക്കാമെന്നു പൊലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 2018 ഒക്‌ടോബറില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നു 2021ല്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ ഘട്ടത്തിലാണു പരാതിക്കാരി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിയെ സമീപിച്ചത്. 2021 ജനുവരിയില്‍ കേസ് സി.ബി.ഐക്കു കൈമാറിയ കേസിലാണ് തെളിവില്ലെന്ന് കണ്ടെത്തി സി.ബി.ഐയും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

webdesk13: